കോട്ടയം: പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥിയെ കോട്ടയം – പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് എട്ടു മണിയോടെ കോടിമതയിലെ പെട്രോൾ പമ്പിൽ വച്ച് യുവാവിന്റെ മാതാപിതാക്കൾ അടക്കമുള്ളവർ ഓട്ടോറിക്ഷയിൽ ബസ് വളഞ്ഞതോടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ കോട്ടയം പാത്താമൂട്ടത്ത് നിന്നും കാണാതായ പാത്താമുട്ടം രാമനിലയത്തിൽ കാർത്തികേയ ആർ.നാഥിനെ(18)യാണ് ശോഭാ ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്നു കാട്ടി ജാഗ്രതാ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളിൽ വാർത്തയും, സോഷ്യൽ മീഡിയയിൽ വീട്ടുകാർ സന്ദേശവും അയച്ചിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ ബസ് ജീവനക്കാർ നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ചു കണ്ടെത്തുകയായിരുന്നു. കുട്ടി കഴിഞ്ഞ ദിവസം പോയ ശോഭാ ബസ് ജീവനക്കാർ തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇവർ കുട്ടിയെയുമായി ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്രയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ, ബസ് ചിങ്ങവനം എത്തുമ്പോൾ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായിരുന്നു പദ്ധതി. ഇതിനിടെ കോടിമതയിലെ ബേബിസ് പെട്രോൾ പമ്പിൽ ബസ് എത്തിയപ്പോൾ കുട്ടിയുടെ ബന്ധുക്കൾ അടക്കമുള്ളവർ ഓട്ടോറിക്ഷയിൽ ഇവിടെ എത്തുകയായിരുന്നു. കുട്ടിയെ കണ്ട ആശ്വാസത്തിൽ ഇയാളെ ഒപ്പം വിടണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മാത്രമേ ബാക്കി നടപടി സ്വീകരിക്കൂ എന്ന് ബസ് ജീവനക്കാർ നിലപാട് എടുത്തു.
കുട്ടിയെ രാത്രി എട്ടരയോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. തുടർന്ന്, കുട്ടി പോയ വഴിയും കാര്യങ്ങളും അടക്കം ചിങ്ങവനം പൊലീസ് ചോദിച്ചറിഞ്ഞു. കോട്ടയത്തു നിന്നും നേരെ ആലുവയിലേയ്ക്കാണ് താൻ പോയതെന്നു കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആലുവയിൽ എത്തിയപ്പോൾ പനച്ചിക്കാട് സ്വദേശിയായ ഒരാളെ കണ്ടു മുട്ടി. തുടർന്ന്, ഇയാൾ നാട്ടിലേയ്ക്കു മടങ്ങിപ്പോകുന്നതിനായി ട്രെയിൻ ടിക്കറ്റ് എടുത്തു നൽകി. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും വീട്ടിലേയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് നിരക്കിനുള്ള പണവും നൽകി. തുടർന്ന്, ഈ പണവുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ശോഭാ ബസിൽ കയറിയതും ജീവനക്കാർ കണ്ടതും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇക്കാര്യങ്ങളാണ് സംഭവിച്ചതെന്നു കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.