തിരുവല്ല : റാന്നിയുടെ വികസനത്തിന് നാഴികക്കല്ലായി തീരുന്ന ചെറുകോൽപ്പുഴ – റാന്നി റോഡിന് 54.61 കോടി രൂപയും റാന്നി താലൂക്ക് ആശുപത്രി കെട്ടിടത്തിന് 15.6 0 കോടി രൂപയും അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു . ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 43 മത് കിഫ്ബി യോഗത്തിലാണ് റാന്നിയിലെ രണ്ട് പദ്ധതികൾക്ക് അനുമതി ലഭിച്ചത്.
ചെറുകോൽപ്പുഴ – മണിയാർ റോഡിൻറെ ആദ്യ റീച്ചിൽ ഉൾപ്പെടുത്തിയാണ് ചെറുകോൽപ്പുഴ – റാന്നി റോഡിന് അനുമതി ലഭിച്ചത്. ശബരിമല തീർത്ഥാടകർക്ക് ഉൾപ്പെടെ പ്രയോജനം ചെയ്യുന്ന ഈ റോഡിൻറെ പുനരുദ്ധാരണം ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യമാണ്. ചെറുകോൽപ്പുഴ – മണിയാർ റോഡിൻറെ ചെറുകോൽപ്പുഴ മുതൽ റാന്നി വരെയുള്ള ഭാഗം ആദ്യ റീച്ചിൽ ഉൾപ്പെടുത്തി കിഫ് ബിയുടെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം നവീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കാൻ നടപടി ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, കിഫ്ബി ചെയർമാൻ എന്നിവർക്ക് നിവേദനം നൽകുകയും തുടർച്ചയായ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് റാന്നി നിയോജകമണ്ഡലത്തിൽ ഏറ്റവും വലിയ തുക അനുവദിച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിച്ചത്.
റാന്നി താലൂക്ക് ആശുപത്രിയുടെ തുടർ വികസനത്തിന് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് പുതിയ കെട്ടിടത്തിന് 15.60 കോടി രൂപ അനുവദിച്ചിരിക്കുന്നത്.