കുറവിലങ്ങാട് : ദേവമാതാ കോളേജ് ഇ ഡി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകസംഗമവും പ്രദർശന വിപണനമേളയും സംഘടിപ്പിക്കുന്നു ഡിസംബർ 13 രാവിലെ 9. 30ന് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കുറവിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പി. സി. കുര്യൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, ഇ ഡി ക്ലബ് കോർഡിനേറ്റേഴ്സ് ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ, ശ്രീ ജോസ് മാത്യു തുടങ്ങിയവർ സംസാരിക്കും. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക, ഓർഗാനിക് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് മേളയുടെ ലക്ഷ്യം.
വ്യത്യസ്തങ്ങളായ സംരംഭങ്ങൾ നടത്തുന്ന വ്യക്തികളുമായി സംവദിക്കുവാനും മേളയിൽ അവസരമുണ്ട്. പരമ്പരാഗത എത്നിക്ക് വസ്ത്രങ്ങളുടെ ശ്രേണിയുമായി കണ്ണകി ബൊട്ടിക് കാലിക്കറ്റ് മേളയിൽ പങ്കെടുക്കും. വിവിധതരം മില്ലുറ്റുകൾ, മില്ലറ്റ് ഉൽപ്പന്നങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, ഹോം മെയ്ഡ് കേക്കുകൾ, വ്യത്യസ്തങ്ങളായ കാൻഡിലുകൾ, വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ മേളയുടെ ഭാഗമാണ്. മേളയോട് അനുബന്ധിച്ച് ദേവമാതാ കോളേജ് എൻ എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും സജ്ജീകരിച്ചിട്ടുണ്ട്. പ്രദർശനം കാണുന്നതിനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും പൊതുജനങ്ങൾക്കും അവസരമുണ്ട്.