പത്തനംതിട്ട: 25000 രൂപ മുടക്കി ഓട്ടോറിക്ഷ സന്നിധാനമാക്കി അയ്യപ്പനെ കാണാൻ യാത്ര തിരിച്ച തീർത്ഥാടക സംഘത്തെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി പെട്രോളിംങിന് എത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘം തടഞ്ഞു. ഒരു കുഞ്ഞ് മാളികപ്പുറവും അമ്മൂമ്മയും മൂന്ന് അയ്യപ്പന്മാരും അടങ്ങിയ സംഘത്തെ ഓട്ടോറിക്ഷയിൽ നിന്നും മാറ്റി കെ.എസ്.ആർ.ടി.സി ബസിൽ മോട്ടോർ വാഹന വകുപ്പ് സംഘം സന്നിധാനത്തേയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസമാണ് കൊല്ലം പുനലൂരിൽ നിന്നുള്ള അഞ്ചംഗ സംഘം ഓട്ടോറിക്ഷയിൽ ശബരിമല സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്. സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഇലവുങ്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ദൂരെ നിന്നും ക്ഷേത്രത്തിന്റെ രൂപത്തിലുള്ള വാഹനം വരുന്നത് കണ്ടത്. ദൂരെ നിന്നും വാഹനം കണ്ടപ്പോൾ നാലു ചക്ര വാഹനമാണ് എന്നു കരുതിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് തയ്യാറായി നിന്നത്. എന്നാൽ, അടുത്തു വന്നപ്പോൾ മാത്രമാണ് ഈ വാഹനം ഓട്ടോറിക്ഷയാണ് എന്നു തിരിച്ചറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, ഉദ്യോഗസ്ഥ സംഘം വാഹനം തടഞ്ഞു നിർത്തുകയും വാഹനത്തിലുണ്ടായിരുന്ന തീർത്ഥാടകരോടെ കാര്യം വിശദീകരിക്കുകയും ചെയ്തു. ഇവരെ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തുടരുന്നതിന് അനുവദിക്കുകയായിരുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനങ്ങളിൽ തീർത്ഥാടകർ യാത്ര ചെയ്യരുതെന്ന് നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് ലംഘിച്ചെത്തുന്ന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എ.എം.വി.ഐമാരായ അനൂപ് നടേശനും, സജീവ് ശർമ്മയും അടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്.