ജില്ലയിലെ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈമാസം ആരംഭിക്കും; ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പമ്പാ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. നദി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന എക്കലും മാലിന്യങ്ങളും മണ്‍പുറ്റുകളും നീക്കം ചെയ്യുന്നതാണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലെ പ്രധാനദൗത്യമെന്ന് കളക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് വിശദമായ പഠനം നടത്തുകയും പമ്പാ നദീ തീരത്തു സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് അനുവദനീയമായ പ്രവര്‍ത്തനങ്ങളുടെ പട്ടിക തയാറാക്കി പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഇറിഗേഷന്‍ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റവന്യൂ, ജിയോളജി, വനം തുടങ്ങിയ വകുപ്പുകള്‍ സംയോജിതമായി പദ്ധതി തയാറാക്കി പൂര്‍ത്തീകരിക്കും.
ഇതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ തലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. നദീ പുനരുജ്ജീവന പദ്ധതിയുടെ കരട് രൂപരേഖ യോഗത്തില്‍ അംഗീകരിച്ചു. വിശദമായ പദ്ധതി രൂപീകരിക്കാനുള്ള നിര്‍ദേശവും നല്‍കിയതായി കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ സമഗ്രമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായാണ് നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവഴി നദികളുടെ ഒഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്ക ആഘാതം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.
യോഗത്തില്‍ കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജെ. ബെയ്‌സില്‍, പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കോശി, കല്ലട ഇറിഗേഷന്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.കെ. ടെസിമോന്‍, പത്തനംതിട്ട ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ മായ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.