കോട്ടയം: ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ട്രെയിനിൽ നിന്നും വീണയാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും ഒപ്പം കൈ കോർത്ത് നിന്നതോടെ ഗുരുതരമായി പരിക്കേറ്റ് റെയിൽവേ ട്രാക്കിൽ കിടന്ന അയ്യപ്പ ഭക്തനെ പരിക്കുകളോടെയെങ്കിലും ആശുപത്രിയിൽ എത്തിക്കാനായി. ശബരിമല ദർശനത്തിന് ശേഷം നാട്ടിലേയ്ക്കു മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തനായ ലക്ഷ്മണിനെയാണ് പൊലീസ് സംഘം രക്ഷിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ശബരിമല ദർശനത്തിന് ശേഷം വിവേക് എക്‌സ്പ്രസിൽ നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ലക്ഷ്മണും സുഹൃത്തുക്കളും അടങ്ങുന്ന അയ്യപ്പ സംഘം. കുമാരനല്ലൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷമുള്ള കൊച്ചടിച്ചിറ ഗേറ്റിനു സമീപത്തു വച്ച് ഇദ്ദേഹം ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തിരക്ക് കാരണം ഫുട്‌ബോർഡിനു സമീപം നിന്ന ഇദ്ദേഹം തെറിച്ചു പുറത്തേയ്ക്കു വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു സംബന്ധിച്ചുള്ള വിവരം ആദ്യം കോട്ടയം റെയിൽവേ സുരക്ഷാ സേനയ്ക്കാണ് ലഭിക്കുന്നത്. തുടർന്ന്, റെയിൽവേ പൊലീസിനും ഇവർ സൈബർ സെല്ലിനും വിവരം കൈമാറി. തുടർന്ന്, ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പരിന്റെ സഹായത്തോടെ ലക്ഷ്മൺ വീണു കിടക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. കുമാരനല്ലൂർ ഭാഗത്ത് ഒരാൾ ട്രെയിനിൽ നിന്നും വീണ വിവരം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് തിരച്ചിൽ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.
രാത്രിയിലും പുലർച്ചെയും രണ്ട് ഗവർണ്ണർമാരുടെ സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്നതിനാൽ പൊലീസ് സംഘം സജീവമായി തന്നെ പ്രദേശത്തുണ്ടായിരുന്നു. ട്രെയിനിൽ നിന്നും യാത്രക്കാരൻ വീണ വിവരം അറിഞ്ഞ ഉടൻ തന്നെ ഗാന്ധിനഗർ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തും, ഉദ്യോഗസ്ഥരായ ദിലീപ് വർമ്മയും, ശ്രീനീഷും, പത്മകുമാറും, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിജുമോൻ നായരും സ്ഥലത്ത് എത്തി. ഈ സമയം തന്നെ റെയിൽവേ പൊലീസ് എസ്.ഐ റെജി പി.ജോസഫും, രാഹുൽ മോനും, ആർപിഎഫ് എസ്.ഐ സന്തോഷ്‌കുമാറും സുനിൽകുമാറും സ്ഥലത്ത് എത്തി. തുടർന്ന്, പൊലീസ് സംഘത്തിന്റെ കൂട്ടായ തിരച്ചിലിനൊടുവിൽ ലക്ഷ്മണിനെ ട്രാക്കിന് അരികിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.