കോട്ടയം: പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി മകനെ ഒറ്റ ദിവസം കൊണ്ട് പാർട്ടിയുടെ തലപ്പത്തെത്തിച്ച പി.ജെ ജോസഫിനെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് എം സൈബർ പോരാളികൾ. ജോസ് കെ.മാണി പാർട്ടിയിലേയ്ക്കെത്തിയപ്പോൾ നടത്തിയ കടന്നാക്രമണങ്ങളുടെയും വിമർശനങ്ങളെയും ജോസഫ് അപ്പാടെ വിഴുങ്ങിയാണ് ഇപ്പോൾ സ്വന്തം മകനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നതെന്ന അതിരൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഉയർത്തുന്നത്. പി.ജെ ജോസഫിനെയും അത് പോലെ തന്നെ ജോസഫ് വിഭാഗത്തിലെ നേതാക്കളെയും ചോദ്യ ശരങ്ങൾ ഉയർത്തി വിമർശിക്കുകയാണ് ഇപ്പോൾ സൈബർ ഇടം.
മക്കൾ രാഷ്ട്രീയമെന്നാരോപിച്ചാണ് നിലവിൽ ജോസഫ് വിഭാഗത്തിന്റെ വർക്കിംങ് പ്രസിഡന്റ് പി.സി തോമസ് കേരള കോൺഗ്രസ് എം വിട്ടതെന്ന് സോഷ്യൽ മീഡിയ ചർച്ചകൾ ഓർമ്മിപ്പിക്കുന്നു. നിലവിൽ അപു ജോസഫ് നേതൃ നിരയിലേയ്ക്ക് എത്തുമ്പോൾ ആദ്യം കൈകൊടുത്ത് സ്വീകരിച്ചത് പി.സി തോമസാണ്് എന്നതും ചൂണ്ടിക്കാട്ടുന്നു. അഞ്ചു വർഷം മുൻപ് , അതായത് കേരള കോൺഗ്രസുകളുടെ അവസാന പിളർപ്പിന് ശേഷം മാത്രമാണ് അപു ജോൺ ജോസഫ് മെമ്പർഷിപ്പ് എടുക്കുന്നത്. ഈ അഞ്ചു വർഷം കൊണ്ട് അതിവേഗം പാർട്ടി നേതൃനിരയിൽ എത്തിയ ഈ സാഹചര്യത്തിൽ പി.ജെ ജോസഫിന് എന്താണ് പറയാനുള്ളതെന്നും ഇവർ ചോദിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എം മാണിയുടെ മരണ ശേഷം ജോസ് കെ.മാണിയെ അപമാനിച്ച് പറഞ്ഞ വാക്കുകൾ പി.ജെ ജോസഫിനെ ഓർമ്മിപ്പിക്കുകയാണ് കേരള കോൺഗ്രസ് എം സൈബർ പോരാളികൾ. അന്ന് ജോസ് കെ.മാണിയ്ക്ക് എതിരെ ഉയർത്തിയ ആരോപണങ്ങൾ, മകന്റെ കാര്യം എത്തിയപ്പോൾ മറന്നു പോയോ. അഞ്ചു വർഷം മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന കാര്യവും ഓർമ്മിപ്പിക്കുകയാണ് സൈബർ പോരാളികൾ.
അഞ്ചു വർഷം മുൻപ് മാത്രം രാഷട്രീയത്തിൽ ഇറങ്ങിയ അപു തനിക്ക് 30 വർഷം മുൻപ് എം.എൽ.എ ആകാമായിരുന്നു എന്നു പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണം. 30 വർഷം മുൻപ് തനിക്ക് 25 വയസ് തികഞ്ഞിരുന്നോ എന്ന് ആലോചിക്കണമെന്നും കേരള കോൺഗ്രസ് എമ്മിന്റെ സൈബർ ഇടങ്ങൾ പറയുന്നു. പത്ത് വർഷം മുൻപ് യൂത്ത് ഫ്രണ്ടിന്റെ ചുമതല തനിക്കുണ്ടായിരുന്ന എന്ന അപുവിന്റെ വാദത്തെയും കേരള കോൺഗ്രസ് എം പ്രവർത്തകർ തള്ളിക്കളയുന്നു. അഞ്ചു വർഷം മുൻപ് കേരള കോൺഗ്രസുകൾ പിളരും വരെയും യാതൊരു പദവിയും അപു വഹിച്ചിട്ടേയില്ലെന്ന് തെളിവ് സഹിതം സമർത്ഥിക്കുകയാണ് ഇവർ.