കോട്ടയം : ജില്ലയിൽ എൻ സി പിയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡൻ്റിൻ്റെ തീരുമാനം മറികടന്ന് ജില്ലാ പ്രസിഡൻ്റ് നടപടി വാർത്തയാക്കിയതാണ് വിവാദമായി മാറിയത്. ചങ്ങനാശേരി ബ്ളോക്ക് പ്രസിഡൻ്റിന് എതിരായ നടപടി സംസ്ഥാന പ്രസിഡൻ്റ് മരവിപ്പിച്ചിരുന്നു. ഇതിന് ശേഷം ജില്ലാ പ്രസിഡൻ്റ് നടപടി എടുത്തു എന്ന രീതിയിൽ മലയാള മനോരമയിൽ വാർത്ത നൽകിയതാണ് ഇപ്പോൾ വിവാദമായി മാറിയത്. നടപടിയിൽ ക്ഷുഭിതനായ സംസ്ഥാന പ്രസിഡൻ്റ് ജില്ലാ പ്രസിഡൻ്റിനെതിരെ നടപടി എടുത്തേക്കുമെന്നും സുചനയുണ്ട്. ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിന് എതിരെ സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോയാണ് രംഗത്ത് എത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് എൻ സി പി ചങ്ങനാശേരി ബ്ളോക്ക് പ്രസിഡൻ്റിന് എതിരെ എൻ സി പി ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ നടപടി എടുത്തത്. ഈ നടപടി വിവാദമായി മാറിയതോടെ കഴിഞ്ഞ ദിവസം കോട്ടയത്ത് എൻ സി പി യിലെ പ്രധാനപ്പെട്ട നേതാക്കൾ യോഗം ചേർന്നു.
സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ , വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് , സംസ്ഥാന സംഘടനാ ചുമതല സെക്രട്ടറി കെ.ആർ രാജൻ , സംസ്ഥാന സെക്രട്ടറിമാരായ കാണക്കാരി അരവിന്ദാക്ഷൻ , അഡ്വ.എസ് ഡി സുരേഷ് ബാബു , കെ.ജയകുമാർ , ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ , സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.എ താഹ , ബഷീർ തേനമ്മാക്കൽ , പി.ഒ രാജേന്ദ്രൻ , സാബു മുരിക്ക വേലി , രാഖീ സഖറിയ , ബീന ജോബി , മിർഷാ ഖാൻ മങ്കാശേരി എന്നിവർ ആണ് യോഗം ചേർന്നത്. തുടർന്ന് , ചങ്ങനാശേരി ബ്ളോക്ക് പ്രസിഡൻ്റ് ലിനു ജോബിന് എതിരായ നടപടി റദ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്ന ലിനുവിനെയും ബെന്നി മൈലാടൂരിനെയും ചേർത്ത് നിർത്തി തർക്കം പരിഹരിക്കുകയും ചെയ്തു. എന്നാൽ , ഇതിന് പിന്നാലെ ഇന്ന് രാവിലെ മലയാള മനോരമ ചങ്ങനാശേരി എഡിഷനിൽ ലിനുവിനെ പുറത്താക്കിയതായി വീണ്ടും വാർത്ത വന്നു. ഇതോടെയാണ് സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ ക്ഷുഭിതനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിനെ ഫോണിൽ വിളിച്ച സംസ്ഥാന പ്രസിഡൻ്റ് ക്ഷുഭിതനാകുകയും ചെയ്തു. ബ്ളോക്ക് പ്രസിഡൻ്റിന് എതിരായ നടപടി മരവിപ്പിച്ച ശേഷവും വാർത്ത നൽകിയതിൽ കടുത്ത അമർഷമാണ് സംസ്ഥാന പ്രസിഡൻ്റ് രേഖപ്പെടുത്തിയത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ജില്ലാ പ്രസിഡണ്ടിനെ നീക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. ഇത്തരത്തിൽ പാർട്ടി സംസ്ഥാന പ്രസിഡൻ്റിൻ്റെ തീരുമാനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിച്ച ജില്ലാ പ്രസിഡൻ്റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച ശേഷവും നടപടി വാർത്ത പുറത്ത് വിട്ടത് പാർട്ടി അച്ചടക്കത്തിൻ്റെ ലംഘനം ആണ് എന്നാണ് പ്രസിഡൻ്റിൻ്റെ നിലപാട്.