കോട്ടയം : 2009 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ വിജയിപ്പിച്ചത് തങ്ങളാണെന്ന മോൻസ് ജോസഫിന്റെ അവകാശവാദം രാഷ്ട്രീയകേരളം കണ്ട പെരുംനുണയാണെന്ന് ജോബ് മൈക്കിൾ എംഎൽഎ. 2009ൽ പിജെ ജോസഫും കൂട്ടരും കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമല്ലായിരുന്നു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സ്വന്തം മികവ് തെളിയിച്ച ജോസ് കെ മാണിക്ക് മാണി സാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒറ്റുകൊടുത്ത മോൻസ് ജോസഫിന്റെയും ഒപ്പമിരുന്ന് തലയാട്ടുന്ന മറവിരോഗം ബാധിച്ചവരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജോസ് കെ മാണി വിജയിക്കുമ്പോൾ അന്ന് മറുചേരിയിൽ നിൽക്കുകയും ജോസ് കെ മാണിയെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത മോൻസ് എട്ടുകാലി മമ്മൂഞ്ഞിനേക്കാൾ വലിയ അവകാശവാദവുമായി രംഗത്തെത്തുന്നത് അപഹാസ്യമാണ്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നിർണായക ഘട്ടത്തിൽ മാണി സാറിനോട് രാഷ്ട്രീയ വഞ്ചന കാട്ടിയവർ ഇപ്പോൾ പറയുന്ന നുണക്കഥകൾ ജനം പുച്ഛിച്ചു തള്ളും.ജനങ്ങൾ പുച്ഛിച്ച് തള്ളുന്ന ഇത്തരം ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് സ്വന്തം പാർട്ടിയിലെ പുതിയ നേതാവിനെ അവരോധിക്കാനുള്ള തന്ത്രപ്പാടിന്റെ ഭാഗമാണെന്നും ജോബ് മൈക്കിൾ പറഞ്ഞു.