റോഡ് നിർമ്മാണത്തിനായി വീട് വിട്ട് നൽകിയില്ല : കിട്ടിയത് എട്ടിൻ്റെ പണി

നമ്മുടെ നാട്ടില്‍ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. കാസർകോഡ് മുതല്‍ തിരുവനന്തപുരം വരെ ആറുവരിയില്‍ പാത വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കാനായി മാത്രം ആയിരക്കണക്കിന് കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത്.സ്വപ്നതുല്യമായ നഷ്ടപരിഹാരമാണ് സ്ഥലം വിട്ടുനല്‍കിയവർക്ക് ഇവിടെ ലഭിച്ചത്.എന്നാല്‍ വൻ തുക സർക്കാർ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിട്ടും ഹൈവേ നിർമ്മാണത്തിനായി തന്റെ വീടും സ്ഥലവും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ചൈനയിലെ ഒരു വയോധികൻ.

Advertisements

ഏകദേശം 16 ലക്ഷം ചൈനീസ് യുവാൻ (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) ആണ് വീടിന് നഷ്ടപരിഹാരമായി നല്‍കാമെന്ന് സർക്കാർ പറഞ്ഞത്. എന്നാല്‍ എത്ര നിർബന്ധിച്ചിട്ടും വയോധികൻ വീട് വിട്ടുനല്‍കാൻ സമ്മതിച്ചില്ല.ചൈനയിലെ ജിൻഷി സ്വദേശിയായ ഹുവാങ് പിങ് ആണ് സംഭവത്തിലെ നായകൻ. തന്റെ 11 വയസുള്ള പേരക്കുട്ടിക്കൊപ്പമാണ് ഈ മുത്തശ്ശൻ താമസിക്കുന്നത്. ചൈനീസ് സർക്കാരിന്റെ വാഗ്ദാനത്തില്‍ തൃപ്തനല്ലാത്തതിനാലാണ് അദ്ദേഹം വീട് വിട്ടുനല്‍കാതിരുന്നത്. പലതവണ അധികൃതർ ഇദ്ദേഹവുമായി വിലപേശല്‍ നടത്തിയെങ്കിലും ഒടുവില്‍ സംഗതി നടക്കില്ലെന്ന് കണ്ട് അവർ വിട്ടുകളയുകയായിരുന്നു.പക്ഷേ സർക്കാർ അറിഞ്ഞോ അറിയാതെയോ ഈ വാശിക്കാരന് എട്ടിന്റെ പണി നല്‍കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടുനില വീടിന്റെ രണ്ട് വശത്തുകൂടെയുമാണ് ഇപ്പോള്‍ ഹൈവേ നിർമ്മിക്കുന്നത്. മുത്തശ്ശനും കൊച്ചുമകനും ഇപ്പോള്‍ നടുറോഡിലാണ് താമസമെന്ന് വേണമെങ്കില്‍ പറയാം! വീടിന്റെ മേല്‍ക്കൂരയുടെ അതേ ഉയരത്തിലാണ് ഹൈവേ നിർമ്മിക്കുന്നത്.ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാല്‍ ഹുവാങ് മുത്തശ്ശന്റെ വീട് നിറയെ പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. കൂടാതെ വീടിന് ചുറ്റും നിർമ്മാണ സാമഗ്രികളും നിർമ്മാണാവശിഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്. ചൈനീസ് സർക്കാരിന്റെ ‘ഓഫർ’ മികച്ചതായിരുന്നുവെന്നാണ് ഇപ്പോള്‍ ഹുവാങ് പറയുന്നത്. ‘ടൈം ട്രാവല്‍ ചെയ്യാൻ’ കഴിയുമായിരുന്നെങ്കില്‍ താൻ പിന്നിലേക്ക് പോയി സർക്കാരിന്റെ വാഗ്ദാനം സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മാണം പൂർത്തിയായി ഹൈവേ തുറക്കുമ്ബോള്‍ തന്റെ വീടിന്റെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇദ്ദേഹം.എന്തായാലും ദുർവ്വാശിക്കാരനായ ഈ മുത്തശ്ശനും അദ്ദേഹത്തിന്റെ ഇരുനില വീടും ഇപ്പോള്‍ ചൈനയിലാകെ പ്രശസ്തമായിരിക്കുകയാണ്. നിരവധി പേരാണ് വീടിന്റെ ചിത്രങ്ങളെടുക്കാനായി ഓരോദിവസവും അങ്ങോട്ട് പോകുന്നത്. വീടിന്റെയും റോഡ് നിർമ്മാണത്തിന്റേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.ഇതിന് മുമ്ബ് ഒരാള്‍ റോഡ് നിർമ്മാണത്തിന് വീട് വിട്ടുനല്‍കാതിരുന്നത് വാർത്തയായിരുന്നു. 14 വർഷത്തിനുശേഷം 2017-ലാണ് ആ വീട് റോഡിനായി വിട്ടുനല്‍കിയത്.

Hot Topics

Related Articles