ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ; എംസി റോഡിൽ കാളികാവിലുണ്ടായ അപകടത്തിൽ മരിച്ചത് കടപ്ലാമറ്റം സ്വദേശിയായ യുവാവ്

കോട്ടയം: ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. എംസി റോഡിൽ കാളികാവിലുണ്ടായ അപകടത്തിലാണ് കടപ്ലാമറ്റം വയലാ സ്വദേശിയായ യുവാവ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാ(21)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 10 നായിരുന്നു അപകടം ഉണ്ടായത്.

Advertisements

എംസി റോഡിൽ കാളികാവ് ഭാഗത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രാവലർ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വയലാ സ്വദേശിനിയായ യുവതിയുമായി ജിജോയുടെ വിവാഹം നാളെ നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 ന് ഇലയ്ക്കാട് പള്ളിയിൽ വിവാഹം നടക്കാനിരിക്കെയാണ് യുവാവിന്റെ മരണം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles