ഛണ്ഡീഗഢ്: ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേർ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു. ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ബാക്കിയുള്ളവരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ഹരിയാനയിലെ ഫത്തേഹാബാദില്‍ വച്ച് വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം.
പഞ്ചാബിലെ ഫാസിൽകയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. മടങ്ങി വരുന്നതിനിടെ സഞ്ചാരികളുടെ വാഹനം ഫത്തേഹാബാദിലെ കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജഗദീഷ് ചന്ദ്ര പറഞ്ഞു. 14 പേരിൽ 6 മൃതദേഹങ്ങൾ കണ്ടെടുത്തതായും 2 പേർ ജീവിച്ചിരിപ്പുണ്ടെന്നും ബാക്കി 6 പേരെ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘാംഗങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1.5 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 വയസ്സുള്ള ഒരു പെൺകുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനായി ജലസേചന വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടർന്നാണ് കനാലിൽ ജലനിരപ്പ് കുറച്ചത്.
കനാലിന് ചുറ്റും സ്ഥിരമായി ബാരിക്കേഡിംഗ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. രക്ഷാ പ്രവര്‍ത്തനത്തിന് ഇപ്പോൾ താൽക്കാലിക സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.