കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ഭക്തരെല്ലാം നോക്കി നിൽക്കെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അസഭ്യം പറഞ്ഞതായി പരാതി. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ വച്ച് അസഭ്യം പറഞ്ഞ ഇവർ ഭക്തരിൽ പലരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ മോശം പെരുമാറ്റത്തിന് എതിരെ ദേവസ്വം മന്ത്രിയ്ക്കും ദേവസ്വം ബോർഡിനും പരാതി നൽകാൻ ഒരുങ്ങുകയാണ് ഭക്തർ.
രണ്ടു ദിവസം മുൻപ് രാവിലെ പത്തരയോടെയായിരുന്നു ക്ഷേത്രത്തിനുള്ളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ക്ഷേത്രത്തിലെ നിഷ്ടകളിലും ആചാരങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീഴ്ച വന്നിരുന്നു. ചടങ്ങുകൾ കൃത്യമായി ഉദ്യോഗസഥരിൽ ചിലർ നടത്തുന്നില്ലന്നും ഇത് കൃത്യമായി നടക്കാത്തത് മേൽനോട്ടം വഹിക്കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ വീഴ്ച മൂലമാണ് എന്നും ചില ഭക്തർ ആരോപിച്ചിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ക്ഷുഭിതയായതെന്നാണ് ജീവനക്കാർ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ വച്ച് അസഭ്യം വിളിച്ച ഇവർ നിന്നെയൊക്കെ കാണിച്ച് തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഭക്തർ പറയുന്നു. തനിക്ക് നേരെ നിൽക്കുന്നവരെയെല്ലാം ശരിയാക്കിത്തരാം എന്ന ഭീഷണി മുഴക്കിയ ഇവർ ക്ഷേത്രത്തിനുള്ളിൽ പ്രയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നിലപാടിൽ ഭക്തർ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ പലരും ദേവസ്വം ബോർഡിൽ അടക്കം എ.ഒയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള തർക്കങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് ഇപ്പോൾ എ.ഒ ക്ഷേത്ര വളപ്പിൽ നിന്ന് അസഭ്യം പറഞ്ഞു എന്ന വിവാദം ഉയരുന്നത്.