കോട്ടയം: ഏറ്റുമാനൂർ കാരിത്താസിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയ ദിവസം പ്രതി ചിലവഴിച്ചത് ബാറിനുള്ളിലെന്ന് റിപ്പോർട്ട്. സംഭവ ദിവസം താൻ രാവിലെ 11 മണി മുതൽ ബാർ അടയ്ക്കും വരെ കാരിത്താസ് എക്സ്കാലിബർ ബാറിനുള്ളിലായിരുന്നുവെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ബിയറും, റമ്മും, ബ്രാണ്ടിയും മിക്സ് ചെയ്തു കുടിച്ച ശേഷം വീര്യം കൂട്ടാൻ വേണ്ടി കഞ്ചാവും വലിച്ചിരുന്നതായി പ്രതി പൊലീസിനോടു സമ്മതിച്ചു. കൊലപാതകക്കേസിൽ ഏറ്റുമാനൂർ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫിസറായിരുന്ന ശ്യാം പ്രകാശിനെയാണ് തിങ്കളാഴ്ച പുലർച്ചെയോടെ പ്രതി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കോക്കാട് വീട്ടിൽ ജിബിൻ ജോർജിനെ (28)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപ്കടർ എ.എസ് അൻസലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാരിത്താസ് ആശുപത്രിയുടെ ഗേറ്റിനും എക്സ്കാലിബർ ബാറിനും ഇടയിൽ പ്രവർത്തിക്കുന്ന തട്ടുകയിൽ വച്ചാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. രണ്ട് തട്ടുകടകളാണ് ഈ പ്രദേശത്തുള്ളത്. ഈ തട്ടുകടകൾ തമ്മിലുള്ള തർക്കത്തിൽ ജിബിൻ ഇടപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തട്ടുകടക്കാരനെ ജിബിൻ ഭീഷണിപ്പെടുത്തുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തിയത്. ഈ സമയം പ്രകോപനമൊന്നുമില്ലാതെ ജിബിൻ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ പൊലീസുകാരനെ ജിബിൻ ചവിട്ടി. ചവിട്ടിൽ ഗുരുതരമായി പരിക്കേറ്റ ശ്യാം കൊല്ലപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം കസ്റ്റഡിയിൽ എടുത്ത പൊലീസ് സംഘം ചോദ്യം ചെയ്തതോടെയാണ് ഇയാൾ താൻ ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11 മണി മുതൽ താൻ എക്സ്കാലിബർ ബാറിലുണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു സമ്മതിച്ചത്. ബിയറും, റമ്മും, ബ്രാണ്ടിയും മിക്സ് ചെയ്ത് മദ്യപിക്കുകയായിരുന്നു. കൂടുതൽ വീര്യം ലഭിക്കുന്നതിനു വേണ്ടി കയ്യിൽ കരുതിയിരുന്ന കഞ്ചാവ് വലിച്ചതായും സൂചനയുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു പൊലീസ് അറിയിച്ചു.