തലയോലപറമ്പ് : സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട സൈൻ എന്ന
സംഘടന പണം തട്ടിയ കേസിൽ അനന്തകൃഷ്ണനെതിരെ വൈക്കത്ത് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പണം വാങ്ങിയ ശേഷം ഒൻപതു മാസം കഴിഞ്ഞിട്ടും സ്കൂട്ടറും വാങ്ങിയ പണവും തിരിച്ചു നല്കാതെ കബളിപ്പിച്ച സംഭവത്തിലാണ് അനന്തു കൃഷ്ണനെതിരെ തലയോലപ്പറമ്പ് സ്വദേശികളായ യുവതികളുടെ പരാതിയിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. അർഎസ്എസ് നേതാവിൻ്റെ ഭാര്യയുടെയും സഹോദരിയുടെയും പരാതിയിൽ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്.
ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ്റെ മേൽനോട്ടത്തിലുള്ള നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന സംഘടനയുടെ വുമൺഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട സൈൻ എന്ന സംഘടന തൃപ്പൂണിത്തുറയിൽ
കഴിഞ്ഞ മെയ് ഒന്നിന് നടത്തിയ യോഗത്തെ തുടർന്ന് അന്നും രണ്ടാം തിയതിയുമായി ഈ യുവതികളിൽ നിന്നുമായി സൈൻ എന്ന സംഘടനയുടെ പേരിലുള്ള ചേരാനല്ലൂർധനലക്ഷ്മി ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 63,500 രൂപയും ആർഎസ്എസ് നേതാവും യുവതിയുടെ ഭർത്താവുമായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇതേ അക്കൗണ്ടിലേക്ക് 59,500 രൂപയും വാങ്ങിയ ശേഷം സ്കൂട്ടറും വാങ്ങിയ പണവും തിരിച്ചു നല്കാതെ വന്നതോടെയാണ് ഇരുവരും പരാതിയുമായി എത്തിയത്. ഇരു പരാതികളിലുമായി തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.