കോട്ടയം: നാഗമ്പടത്ത് ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയറങ്ങി. എംസി റോഡിൽ നാഗമ്പടം പാലത്തിലാണ് അപകടം ഉണ്ടായത്. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജീസൺ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ യാത്രക്കാരനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്കിനെ എതിർദിശയിൽ നിന്നും ഓട്ടോറിക്ഷ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതതത്തിൽ ബൈക്ക് ബസിന്റെ അടിയിലേയ്ക്കു വീണു. ബസിന്റെ മുന്നിലായി പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരന്റെ കാലിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.