തൊഴില്‍ അന്വേഷകര്‍ക്ക് പരമാവധി തൊഴില്‍ പ്രദാനം ചെയ്യുന്ന വേദിയായി തൊഴില്‍ മേളകള്‍ മാറണമെന്ന് ജില്ലാതല സ്‌കില്‍ കമ്മിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന തൊഴില്‍മേള ഉപസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നൈപുണ്യ വികസന കമ്മിറ്റിയുടെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ) സംഘടിപ്പിക്കുന്ന മേള മാര്‍ച്ച് 19ന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും മലയോരമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കും ഇത്തരം മേളകള്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ മെഡിക്കല്‍ വിഭാഗത്തിന്റെ സേവനം ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
ഐടി മാത്രമല്ല, സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന വിവിധങ്ങളായ മേഖലയില്‍നിന്നുള്ള തൊഴില്‍ ദാതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 28 വരെയും തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് മൂന്നു മുതല്‍ 16 വരെയും രജിസ്റ്റര്‍ ചെയ്യാം. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, ഫിനാന്‍സ് ഓഫീസര്‍ ഷിബു ഏബ്രഹാം, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, ചെന്നീര്‍ക്കര ഗവ ഐടിഐ പ്രിന്‍സിപ്പല്‍ പി. സനല്‍ കുമാര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍,
എംപ്ലോയ്മെന്റ് ഓഫീസര്‍ ഖദീജാ ബീവി എന്നിവരെ കൂടാതെ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
തൊഴില്‍ അന്വേഷകര്‍ക്ക് പരമാവധി തൊഴില്‍ പ്രദാനം ചെയ്യണം: കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍
Advertisements