വൈക്കം: വൈക്കത്ത് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മറ്റെയാൾക്ക് ഗുരുതര പരിക്ക്. മൂത്തേടത്ത് കാവ് – പൈനിങ്കൽ റൂട്ടിൽ വിറ്റോ ജംഗ്ഷന് സമീപം ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം.ടി.വി പുരം പാലക്കാട്ടുതറ വീട്ടിൽ ഹരിദാസിൻ്റെ മകൻ ശ്രീഹരി (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സഹോദരൻ കാശിനാഥൻ (22) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ ചികിത്സക്കായി ചെമ്മനാകരിയിലെ
സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. സഹോദരങ്ങൾ സഞ്ചരിച്ച
ഹിമാലയൻ മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു.
പോസ്റ്റിൽ ഉരഞ്ഞുണ്ടായ തീപ്പെരിയെ തുടർന്ന് ബൈക്കിന് തീപിടിച്ച് പൂർണ്ണമായി കത്തി നശിച്ചു.
തീ പിടിച്ചതിനെ തുടർന്ന് ശ്രീഹരിയുടെ മുഖത്തും മറ്റും പൊള്ളലേറ്റ നിലയിലായിരുന്നു.
വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ശ്രീഹരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു.