കോട്ടയം: കോട്ടയം ഫുഡ് ഫെസ്റ്റിന്റെ ആദ്യ സ്റ്റാൾ വിൽപ്പന ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ നിർവഹിച്ചു. കൊച്ചിയിലെ തറലോക്കൽ റസ്‌റ്റോറന്റ് പാർട്ണർ പോൾ ജോർജ് ആദ്യ സ്റ്റാൾ ഏറ്റുവാങ്ങി. കോട്ടയം റബർ ടൗൺ ടൗൺ ടേബിൾ 121 ചെയർമാൻ ചിന്റു കുര്യൻ ജോയി, മുൻ ചെയർമാൻ സിറിൽ ഫ്രാൻസിസ്, നിഖിൽ കുരുവിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം മൈതാനത്താണ് ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ട് വരെ ഫുഡ്ഫെസ്റ്റ് നടക്കുന്നത്. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന സ്പർശ് സ്‌കൂളിന്റെ ധനശേഖരണാർത്ഥമാണ് പതിവ് പോലെ ഈ വർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ഫെബ്രുവരി 26 ന് വൈകിട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് രണ്ടിന് ചേരുന്ന സമാപന സമ്മേളനം ഡോ.ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്യും. 20 ഫുഡ് സ്റ്റാളുകളും, 20 നോൺ ഫുഡ് സ്റ്റാളുകളുമാണ് കോട്ടയം റൗണ്ട് ടേബിളിന്റെ ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ടീയാണ് പ്രധാന സ്പോൺസർ. ജെയിൻ യൂണിവേഴ്സിറ്റിയും, പുളിമൂട്ടിൽ സിൽക്ക്സും സഹ സ്പോൺസർമാരാണ്. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയുടെ 34 ആമത് എഡിഷനാണ് ഇക്കുറി അരങ്ങേറുക.