കോട്ടയം: ചങ്ങനാശേരിയിലെ രണ്ട് ബ്ലോക്ക് കമ്മിറ്റികളിലേയ്ക്ക് ജംബോ ഭാരവാഹികളെ നിയമിച്ചതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തം. ജംബോ കമ്മിറ്റിയ്‌ക്കെതിരെ പ്രതിധേഷത്തിന്റെ ഭാഗമായി നാലു പേർ രണ്ട് കമ്മിറ്റികളിൽ നിന്നും രാജി വച്ചു. ഇതിനിടെ, കമ്മിറ്റികൾ നിയമിച്ചതിൽ വിവാദ ദല്ലാളിന്റെ ഇടപെടലുണ്ടെന്നു ചൂണ്ടിക്കാട്ടി ചങ്ങനാശേരിയിൽ നിന്നുള്ള രണ്ട് കെ.പി.സി.സി ഭാരവാഹികൾ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകി. ജംബോ കമ്മിറ്റി നിയമനം വിവാദമായതോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്ക്ക് കെ.പി.സി.സിയുടെ ഭാഗത്തു നിന്നും അതിരൂക്ഷമായ വിമർശനവും നേരിടേണ്ടി വന്നു.
ചങ്ങനാശേരിയിലെ ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ നാമനിർദേശം ചെയ്തതാണ് ഇപ്പോൾ വിവാദമായി മാറിയത്. രണ്ട് ബ്ലോക്ക് കമ്മിറ്റികളിലും നൂറിലധികം ഭാരവാഹികളുണ്ടെന്നതാണ് വിമർശനം. ഇതിൽ ചിലർ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ പഞ്ചായത്ത് അംഗത്തെ വീടുകയറി ആക്രമിക്കുന്നത് അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതിയെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശേരിയിലെ ഒരു കെപിസിസി ഭാരവാഹിയും ഇയാളുടെ സുഹൃത്തായ വിവാദ ദെല്ലാളുമാണ് ഇത്തരത്തിൽ ബ്ലോക്ക് കമ്മിറ്റികളെ നാമനിർദേശം ചെയ്തതിനു പിന്നിലെന്നാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ ഉയർത്തുന്ന ആരോപണം. ഇവർക്കൊപ്പം മദ്യപാന സദസുകളിലും മറ്റ് അനധികൃത ഇടപാടുകളിലും സഹകരിക്കുന്നവരെയാണ് ബ്ലോക്ക് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിമർശനം. ഇതേ തുടർന്ന് ചങ്ങനാശേരിയിൽ നിന്നുള്ള രണ്ട് കെ.പി.സി.സി ഭാരവാഹികൾ കെ.പി.സിസിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
ബ്ലോക്ക് കമ്മിറ്റി നിയമനത്തിൽ വിവാദം ഉയർന്ന സാഹചര്യത്തിൽ കെ.പി.സി.സി നേതൃത്വം ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്‌ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.