വൈക്കം: വൈക്കം ചെമ്പ് പനങ്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനോടനുബന്ധിച്ച് ചിലമ്പ് പൂരാഘോഷ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 250 ൽപ്പരം കലാകാരൻമാർ അണിനിരക്കുന്ന ഉത്സവഘോഷയാത്രയുടെ ഭദ്രദീപ പ്രകാശനം നടത്തി. മത സൗഹാർദത്തിൻ്റെ മാറ്റൊലിയായി നാട് ഒരുക്കുന്ന വർണ കാഴ്ചകളുടെ ആരംഭം ചെമ്പ് ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ നിന്നാണ് ആരംഭിച്ചത്. ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ കോട്ടയം ഡിവൈസ്പി കെ.ജി.അനീഷ് നിർവഹിച്ചു.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വൈക്കം സി ഐ എസ്. സുഖേഷ്, ക്ഷേത്രം ഉടമ സുരേഷ് മണ്ണാമ്പിൽ, ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളി റവ.ഡോ. ഹോർമീസ് തോട്ടക്കര, ചെമ്പ് ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹിഷാം ബദ്ബാഖവി, കെ.ജെ. പോൾ ചുമ്മാരുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. പനങ്കാവിലമ്മയുടെ കുംഭഭരണി മഹോത്സവം വർണാഭമാക്കുന്നതിനായി ജിതിൻ കരിപ്പായിയുടെ നേതൃത്വത്തിൽ നാട്ടിലെ 150 സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്നാണ് മതമൈത്രിയുടേയും സാഹോദര്യത്തിൻ്റേയും സന്ദേശം ഉദ്ഘോഷിച്ച് ദൃശ്യ ശ്രവ്യ വിസ്മയങ്ങളുടെ വർണ കാഴ്ചയൊരുക്കിയത്.