പത്തനംതിട്ട : പുതുതായി നിർമിച്ച വനിതാ പൊലീസ് സ്റ്റേഷന്റെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിൻ്റേയും ഉത്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫെറെൻസിലൂടെയാവും ഉത്ഘാടനം നടക്കുന്നത്. പൊലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി തനതു പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.48 കോടി രൂപ ചെലവഴിച്ച് 6930 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചതാണ് പുതിയ വനിതാ പൊലീസ് സ്റ്റേഷൻ. ഒരു കോടി രൂപ ചെലവിട്ടാണ് പൊലീസ് കണ്ട്രോൾ റൂം പണികഴിപ്പിച്ചത്.
3003 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണചുമതല. 2022 ലാണ് ഇരുകെട്ടിടങ്ങളുടെയും നിർമാണം തുടങ്ങിയത്. ജില്ലയിലെ ഏക വനിതാ പൊലീസ് സ്റ്റേഷന്റെ അധികാരപരിധി ജില്ലമുഴുവനുമാണ്. 2020 ൽ രൂപീകൃതമായതുമുതൽ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചുവന്നത്. പ്രത്യേക ലോക്ക് അപ്പ് ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ പരാതികൾ, സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയവ വേഗത്തിൽ കൈകാര്യം ചെയ്യാനും പരിഹാരം കാണാനും സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ എസ് എച്ച് ഓ എസ് ഐ കെ ആർ ഷെമി മോൾ ആണ്, ആദ്യത്തെ എസ് എച്ച് ഓ അന്നത്തെ വനിതാ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എ ആർ ലീലാമ്മ ആയിരുന്നു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ലോക്ക് അപ്പ്, ശുചിമുറികൾ, എസ് എച്ച് ഓയുടെ മുറി, വയർലെസ് മുറി, ഭിന്നശേഷി സൗഹൃദമുറി, ശിശു സൗഹൃദമുറി, റിസപ്ഷൻ ഏരിയ തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു. ഒന്നാം നിലയിൽ കൗൺസിലിംഗ് റൂം അടുക്കളയും ഡൈനിങ് ഹാളും അടുക്കളയും ആയുധപ്പുരയും വിശ്രമമുറിയും തുടങ്ങിയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും അതിവേഗം നീതിയും സുരക്ഷയും ഉറപ്പാക്കുക ലക്ഷ്യമാക്കി നിർമ്മിക്കപ്പെട്ട വനിതാ പൊലീസ് സ്റ്റേഷനും, ജില്ലയിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്ദേശിച്ച് ഒരുക്കിയ ജില്ലാ പൊലീസ് കണ്ട്രോൾ റൂമും ഉത്ഘാടനം ചെയ്യപ്പെടുന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയാവും. എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ സ്വാഗതം ആശംസിക്കും. എം എൽ എ മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, അഡിഷണൽ എസ് പി ആർ ബിനു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ കൃതജ്ഞതയർപ്പിക്കും.