കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവ ചടങ്ങുകളിൽ
ആനയെ ഒഴിവാക്കിയ തുകയ്ക്ക് അംഗശാഖയിലെ ഭവനരഹിതർക്ക് വീടൊരുക്കാൻ കുമരകം ശ്രീകുമാരമംഗലം ദേവസ്വം കമ്മറ്റി തീരുമാനം.
ഇന്നലെ കൂടിയ ദേവസ്വം ഭരണസമിതിയാണ് തീരുമാനം കൈകൊണ്ടത്.
മണക്കുളങ്ങര ക്ഷേത്രോത്സവ ചടങ്ങിനിടെ ആനയിടഞ്ഞതുമൂലം മരണവും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാരമംഗലംക്ഷേത്രോത്സവത്തിന് ആനയെ ഒഴിവാക്കിയ തീരുമാനം ഏറെ പ്രശംസ നേടിയിരുന്നു. ആനയെ ഒഴിവാക്കിയ ഇനത്തിൽ ലഭിക്കുന്ന മിച്ചം തുക ഉപയോഗിച്ച് അംഗശാഖകൾ വഴി തിരഞ്ഞെടുക്കുന്ന നിർദ്ധനരായ ഒരു കുടുംബത്തിന് ഭവനമൊരുക്കാൻ തീരുമാനിക്കുകയായിരുന്നു.
പദ്ധതി നടത്തിപ്പിൽ അധികം ആവശ്യമായി വരുന്ന തുക സ്പോൺസർമാരിൽ നിന്നും കണ്ടെത്തണമെന്ന നിർദ്ദേശമനുസരിച്ച് ദേവസ്വം സെക്രട്ടറി 50000 രൂപ ഭവന നിർമ്മാണ ഫണ്ടിലേയ്ക്ക് സംഭാവനയും നൽകുകയുണ്ടായി.
ശിവഗിരി മഠത്തിൻ്റെ പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം പരിഗണിച്ച് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കയറുവാനും, ഭീതിയും ഭയവുമില്ലാതെ സമാധാനത്തോടും സന്തോഷത്തോടും കൂടി ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിനായി എഴുത്തള്ളിപ്പിന് ആനയെ ഒഴിവാക്കുവാനും എസ് കെ എം ദേവസ്വം ഭരണസമിതി കൈക്കൊണ്ട ധീരോദാത്തവും പുരോഗമനപരവുമായ തീരുമാനങ്ങൾക്ക് വർദ്ധിച്ച പിന്തുണയാണ് സമൂഹത്തിൽ നിന്നും ഉണ്ടായത്. ഇതേ തുടർന്നാണ് വിവിധ പദ്ധതികൾ നടപ്പായ ശേഷവും സുരക്ഷിതമായ ഭവനങ്ങളിൽ അന്തിയുറങ്ങാൻ സാധിക്കാത്ത പാവപ്പെട്ടവരായ ശാഖാംഗങ്ങളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുവാനുള്ള തീരുമാനവും കൈക്കൊണ്ടതെന്ന് ദേവസ്വം പ്രസിഡൻ്റ് എ കെ ജയപ്രകാശ്, സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ എന്നിവർ അറിയിച്ചു.