തിരുവല്ല : സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ രോഗികള്‍ക്കായി നവീകരിച്ചു നല്‍കിയ ജനറല്‍ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. ചടങ്ങ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും എംഡിയുമായ പി.ആര്‍ ശേഷാദ്രി ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പുഷ്പഗിരി സൊസൈറ്റി രക്ഷാധികാരിയും തിരുവല്ല മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പുമായ ആദരണീയ റവ. ഫാ. ഡോ.തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ജനറല്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ ബാങ്കിന്റെ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ (ഫിനാന്‍സ്- റിസോഴ്‌സസ്) കെ.കെ. മുരളീധര കൈമള്‍ പദ്ധതി വിശദീകരണം നടത്തി. പുഷ്പഗിരി സിഇഒ റവ. ഫാ. ഡോ. ബിജു വർഗീസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റീനാ തോമസ്, ജനറല്‍ സര്‍ജറി വിഭാഗം എച്ച്ഒഡി ഡോ. സുനില്‍ എസ്, പിഎംസിഎച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബ്രഹാം വര്‍ഗീസ്, എസ്‌ഐബി സീനീയര്‍ ജനറല്‍ മാനേജര്‍ മിനു മൂഞ്ഞേലി, പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഡെപ്യുട്ടി സ്‌പ്രെഡ്ന്റ് ഡോ മാത്യു പുളിക്കന്‍, സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല റീജിയണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട്, കേരള സോണൽ ബിസിനസ് ഹെഡ് ഡിപിൻ എം തുടങ്ങിയവര്‍ പങ്കെടുത്തു.