മൈക്കോബാക്ടീരിയകളുടെ പ്രതിരോധത്തെ കുറയ്ക്കാൻ സുറാമിൻ സഹായകമാകും: ആർജിസിബി പഠനം

തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് കാരണക്കാരായ ഹാനികരമായ ബാക്ടീരിയകൾ (മൈക്കോബാക്ടീരിയകൾ) ആൻറിബയോട്ടിക്കുകളോട് കൂടുതൽ പ്രതിരോധമാർജിക്കുന്നതായും ഈ പ്രതിരോധത്തെ ചെറുക്കാൻ ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നായ സുറാമിന് ഫലപ്രാപ്തിയുണ്ടെന്നും രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയുടെ (ആർജിസിബി) കണ്ടെത്തൽ. നിലവിൽ ട്രൈപാനാസോമൽ (ഉറക്കരോഗ- നദീ അന്ധത അണുബാധ) ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് സുറാമിൻ.

Advertisements

ആൻറിബയോട്ടിക് ചികിത്സക്കിടയിൽ സുറാമിൻ സംയോജിപ്പിക്കുന്നത് മൈക്കോബാക്ടീരിയം സ്‌മെഗ്മാറ്റിസിലും മൈക്കോബാക്ടീരിയം ടൂബർകുലോസിസിലും പ്രതിരോധിക്കുന്ന രോഗാണുക്കളുടെ നിരക്ക് കുറയ്ക്കുന്നതായാണ് ലബോറട്ടറി സാഹചര്യത്തിൽ വ്യക്തമാകുന്നതെന്ന് ആർജിസിബി ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. കൃഷ്ണ കുർത്‌കോട്ടി പറഞ്ഞു. സുറാമിൻ അംഗീകൃത മരുന്നായതിനാൽ രോഗാണുക്കൾ ആൻറിബയോട്ടിക്കുകളെ ചെറുക്കുന്ന സാഹചര്യത്തിൽ ഉപയോഗിക്കാവുന്നതാണ്. രോഗകാരികളായ മൈക്കോബാക്ടീരിയകളുടെ പ്രതിരോധത്തെ ചെറുക്കുന്ന നൂതന മാർഗങ്ങളുടെ അനിവാര്യതയെയാണ് പഠനം വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആൻറിമൈക്രോബിയൽ ഏജൻറ്‌സ് ആൻഡ് കീമോതെറാപ്പി എന്ന ശാസ്ത്ര മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിലൂടെ രോഗകാരികളായ അണുക്കളെ രണ്ട് തരത്തിലാണ് കൊല്ലുന്നത്. ഭൂരിഭാഗം രോഗകാരികളും അതിവേഗം നശിക്കുമ്പോൾ കുറച്ച് ബാക്ടീരിയകൾ (പെർസിസ്റ്ററുകൾ) ഈ സാഹചര്യത്തിലും ദീർഘകാലം നിലനിൽക്കും. ആൻറിബയോട്ടിക്കുകൾക്ക് വിധേയപ്പെടുന്നതിനാൽ പെർസിസ്റ്ററുകൾ വളരെ പതിയെ കൊല്ലപ്പെടുന്നുവെങ്കിലും ആൻറിബയോട്ടിക് തെറാപ്പിയുടെ ദൈർഘ്യം അത്രത്തോളം ഇല്ലാത്തതിനാൽ പെർസിസ്റ്ററുകൾ വീണ്ടും രോഗമുണ്ടാകുന്നതിന് കാരണമാകുന്നു.

സിപ്രോഫ്‌ളോക്‌സാസിൻ/ റിഫാംപിസിൻ എന്നിവയുടെ ഡോസുകൾ ഉപയോഗിച്ച് ചികിത്സിക്കുമ്പോൾ മൈക്കോബാക്ടീരിയയിലെ ആൻറിബയോട്ടിക് പെർസിസ്റ്ററുകൾ (എപിഎസ്) പ്രതിരോധം ആർജ്ജിക്കുന്നതായാണ് അടുത്തിടെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആൻറിബയോട്ടിക് ചികിത്സയിലൂടെ സൃഷ്ടിക്കപ്പെട്ട മൈക്കോബാക്ടീരിയം സ്‌മെഗ്മാറ്റിസിലെ പെർസിസ്റ്ററുകളിലെ ഉയർന്ന തലത്തിൽ രാസപ്രവർത്തന സ്വഭാവമുള്ള ഓക്‌സിജൻ സ്പീഷീസിൻറെ പ്രതിപ്രവർത്തനം പരീക്ഷണത്തിൽ വ്യക്തമായി. തത്ഫലമായി തുടരെ ആൻറിബയോട്ടിക്കുകളോട് അതിവേഗം പ്രതിരോധം വർദ്ധിക്കുന്നതായും കണ്ടെത്തി.

ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധത്തെ ചെറുക്കുന്ന പുതിയ ആൻറിബയോട്ടിക്കുകൾ അല്ലെങ്കിൽ പ്രതിരോധ നിരക്കിനെ കുറയ്ക്കുന്ന ബാക്ടീരിയൽ സംവിധാനങ്ങളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ തുടർന്നു. ബാക്ടീരിയകളുടെ പ്രതിരോധത്തെ ചെറുക്കുന്ന പുതിയ ആൻറിബയോട്ടിക്കുകളെ തിരിച്ചറിയുകയെന്ന സമീപനം സ്വീകരിച്ചതിലൂടെയാണ് സുറാമിൻറെ ഫലപ്രാപ്തി വ്യക്തമായത്. പുതുതായി കണ്ടെത്തുന്ന മരുന്നുകൾ ചികിത്സകൾക്ക് ഉപയോഗിക്കുന്നതിന് മുൻപ് കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. കുർത്‌കോട്ടി ചൂണ്ടിക്കാട്ടി.

ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെ ചെറുക്കാനും സുറാമിനെ പ്രയോജനപ്പെടുത്താമെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ആർജിസിബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിന് (എഎംആർ) പുതിയ ആൻറിബയോട്ടിക്കുകളെ കണ്ടെത്തേണ്ട അനിവാര്യതയിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്. അടിയന്തര ശ്രദ്ധ ആവശ്യമാണന്ന് ലോകോരാഗ്യ സംഘടന പ്രഖ്യാപിക്കേണ്ട സുപ്രധാന ആഗോള ആരോഗ്യ പ്രശ്‌നമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാൻസെറ്റിൽ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 1.27 ദശലക്ഷം മരണങ്ങൾ എഎംആർ ബാക്ടീരിയയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരാമർശിച്ചിട്ടുണ്ട്. എച്ച് ഐവി / എയ്ഡ്‌സ്/ മലേറിയ മൂലമുണ്ടായ മരണങ്ങളേക്കാൾ വളരെ കൂടുതലാണിത്. എച്ച്എവെി / എയ്ഡ്‌സ്/ മലേറിയ രോഗങ്ങളാൽ പത്ത് ലക്ഷത്തോളം ആളുകളാണ് പ്രതിവർഷം മരിക്കുന്നത്. പ്രധാന മരുന്നുകളായ ഐസോണിയസിഡ്, റിഫാംപിസിൻ എന്നിവയെ പ്രതിരോധിക്കുന്ന മൾട്ടി ഡ്രഗ് റെസിസ്റ്റൻറ് (എംഡിആർ) സ്‌ട്രെയിനുകളുണ്ടാകുന്നത് ചികിത്സയുടെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങളെ സങ്കീർണമാക്കുന്നത്.

ക്ഷയരോഗത്തെക്കുറിച്ചുളള ലോകോരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം 2.5 ദശലക്ഷം കേസുകളിൽ 124,000 കേസുകൾ എംഡിആർ ക്ഷയരോഗികളാണ്. ക്ഷയരോഗ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ അടിയന്തര നയം സ്വീകരിച്ചതോടെ നൂതന ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കലും മൈക്കോബാക്ടീരിയകളെ പ്രതിരോധിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള മനസ്സിലാക്കലും സുപ്രധാനമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.