കൊച്ചി : സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് രണ്ടു ജില്ലാ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തുകയും കോട്ടയത്ത് ജില്ലാ സെക്രട്ടറി അന്തരിക്കുകയും ചെയ്തതോടെ മൂന്ന് ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം.ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് പുതിയ സെക്രട്ടറിമാരെ കണ്ടെത്തേണ്ടത്. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു എ.വി. റസ്സലിന്‍റെ അപ്രതീക്ഷിത വേർപാടോടെ അവിടെയും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കണം.
സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്‌ഥാന വൈസ് പ്രസിഡന്‍റുമായ ടി.ആർ. രഘുനാഥനെ പുതിയതായി സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ അദ്ദേഹം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാവാനുള്ള സാധ്യതയേറെയാണ്. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോള്‍ സെക്രട്ടറിയുടെ ചുമതല വഹിച്ച മുൻ എംഎല്‍എ ടി.വി. രാജേഷ് എന്നിവരുടെ പേരുകള്‍ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
എറണാകുളം ജില്ലയില്‍ സി.എന്‍. മോഹനനു പകരം കൊച്ചി മേയർ എം. അനില്‍ കുമാറിന് സാധ്യത കല്‍പ്പിക്കപ്പെടുന്നു. സംസ്ഥാന കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ പുതിയതായി ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. സംസ്ഥാന കമ്മിറ്റിയിലെ മറ്റൊരു അംഗമായ എസ്. സതീഷിനും സാധ്യതയുണ്ട്.