കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം : സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ക്നാനായ കത്തോലിക്കാ കോട്ടയം അതിരൂപതാ സമിതികൾ ; കാരിത്താസ് ആശുപത്രിയ്ക്കെതിരായ തെറ്റായ പ്രചാരണത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യം

കോട്ടയം : ഏറ്റുമാനൂരിനടുത്ത് റെയിൽവേട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക്‌നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും അവരുടെ മക്കൾ അലീന, ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി. കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ. തോമസ് ആനിമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈദികസമിതി സെക്രട്ടറി, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. അതിരൂപതാ നേതൃത്വത്തെയും ക്‌നാനായ സമുദായത്തെയും കാരിത്താസ് ആശുപത്രിയെയും അപകീർത്തിപ്പെടുത്തുവാൻ ചാനലുകളിലും സോഷ്യൽ മീഡിയായിലും നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി ഈ ദാരുണമായ ദുരന്തത്തിന് ഭർതൃഗൃഹത്തിലെയോ ഷൈനിയുടെ സ്വന്തം ഭവനത്തിലെയോ അതല്ലാതെ മറ്റാരെങ്കിലുമോ ഉത്തരവാദികളായിട്ടുണ്ടെങ്കിൽ അത്തരക്കാരെ മുഖംനോക്കാതെ നിയമത്തിനുമുമ്പിൽ കൊണ്ടുവരികയും ഉചിതമായ നിയമനടപടികൾ എടുക്കുകയും ചെയ്യണമെന്ന് ബഹു. കേരള മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നല്കുകയുണ്ടായി. മാത്രമല്ല, അന്വേഷണത്തിൽ അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാതലങ്ങളിൽനിന്നും ആവശ്യമായ സഹകരണം നല്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

Advertisements

ഭർതൃഗൃഹത്തിൽനിന്നും കുടുംബപ്രശ്‌നങ്ങളുടെ പേരിൽ സ്വഭവനത്തിലേക്കു വന്ന ഷൈനിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി കാരിത്താസ് പള്ളി വികാരി 2024 ജൂൺ മാസത്തിൽ ശുപാർശ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഷൈനിയുടെ പിതാവ് കാരിത്താസ് ആശുപത്രിയിൽ വരുകയും അഡ്മിനിസ്‌ട്രേഷനിലെ വൈദികനുമായി സംസാരിക്കുകയും പത്ത് വർഷത്തിൽ അധികമായുള്ള പ്രൊഫഷണൽ ബ്രേക്ക് മൂലമുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നേഴ്‌സിംഗ് ജോലിക്ക് ബുദ്ധിമുട്ടാണെന്ന് ഷൈനിയുടെ പിതാവിനെ ധരിപ്പിക്കുകയും മറ്റേതെങ്കിലും ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേദിവസം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്‌സ് വീട്ടിലെത്തി ഷൈനിയെ കാണുകയും അസിസ്റ്റന്റ് നേഴ്‌സിങ് ഓഫീസറെ കാണുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതനുസരിച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസറെ വന്നു കണ്ട ഷൈനിയോട് കാരിത്താസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരമുള്ളതിനാൽ നഴ്‌സുമാരുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി രണ്ടുവർഷത്തിൽ കൂടുതൽ ബ്രേക്ക് ഉള്ളവരെ നേരിട്ട് നേഴ്‌സിങ് ജോലിയിൽ പ്രവേശിപ്പിക്കില്ലായെന്നുള്ള ഹോസ്പിറ്റലിന്റെ പൊതുനയം അറിയിക്കുകയും ചെയ്തു. എങ്കിലും, ഷൈനിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നഴ്‌സിംഗ് കെയർ അസിസ്റ്റന്റ് ആയി വേതനത്തോടെ ജോലിയിൽ പ്രവേശിപ്പിക്കാം എന്നും കുറച്ച് മാസങ്ങൾക്ക് ശേഷം നേഴ്‌സിങ് തസ്തികയിൽ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിരുന്നു. വീട്ടിൽ ചോദിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പറഞ്ഞാണ് ഷൈനി തിരികെ പോയത്. പിന്നീട് ഇക്കാര്യത്തിൽ യാതൊരു അറിവും ലഭിച്ചിട്ടില്ല. പിന്നീട് കാരിത്താസ് ഇടവക പള്ളിയിൽവച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസർ ഷൈനിയെ കണ്ടപ്പോൾ ജോലിക്ക് വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തനിക്ക് വീടിനടുത്തുള്ള റോസാമിസ്റ്റിക്ക എന്ന സ്ഥാപനത്തിൽ നഴ്‌സിംഗ് കെയർ ആയി ജോലി ലഭിച്ച കാര്യം ഷൈനി അറിയിക്കുകയും ചെയ്തു.

ഷൈനിയുടെയും മക്കളുടെയും മരണത്തിനുശേഷം ചുങ്കം ഇടവക പള്ളി വികാരിയും കാരിത്താസ് ഇടവക പള്ളി വികാരിയും ഈ അപകടത്തെക്കുറിച്ച് സംസാരിച്ചപ്പോൾ കാരിത്താസ് ഇടവകയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തുന്ന കാര്യത്തിൽ ധാരണയായിരുന്നു. അക്കാര്യം പിറ്റേദിവസം ശനിയാഴ്ച ചുങ്കം പള്ളി വികാരി, ചുങ്കം പള്ളിയിൽ ഇടവക ജനത്തെ അറിയിക്കുകയും കാരിത്താസ് ഇടവക വികാരി, കാരിത്താസ് ഇടവകയിൽ മൃതസംസ്‌ക്കാരത്തിനു വേണ്ട സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ അന്നുതന്നെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചുങ്കം പള്ളി വികാരിയുടെ അടുക്കൽ ഷൈനിയുടെ മകൻ എഡ്വിനും നോബിയുടെ സഹോദരൻ സിബിയും മറ്റു കുടുംബാംഗങ്ങളും വരികയും തങ്ങൾക്ക് കുടുംബക്കല്ലറയുള്ളതിനാൽ മൃതസംസ്‌ക്കാര ശുശ്രൂഷ ചുങ്കം ഇടവകയിൽ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്കാര്യം രണ്ടു കുടുംബാംഗങ്ങളും തമ്മിൽ സംസാരിച്ച് തീരുമാനത്തിലെത്തിയശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് വികാരിയച്ചൻ നിർദ്ദേശിച്ചു. രണ്ട് കുടുംബാംഗങ്ങളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ് മൃതസംസ്‌കാര ശുശ്രൂഷകൾ ചുങ്കം ഇടവകയിൽ നടത്തിയത്. രണ്ട് ഇടവകയിലെ വികാരിമാരും കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്ന ഇടവകയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്താൻ തയ്യാറായിരുന്നെങ്കിലും, കുടുംബാംഗങ്ങളാണ് അന്തിമ തീരുമാനമെടുത്തത്.

ഇക്കാര്യത്തിൽ ഇടവക വികാരിമാരും സിസ്റ്റേഴ്‌സും കാരിത്താസ് ആശുപത്രി അധികൃതരും വളരെ അനുഭാവപൂർണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യാഥാർത്ഥ്യം ഇതായിരിക്കേ യാതൊരു കാരണവുമില്ലാതെ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ക്‌നാനായ സമുദായത്തിനും കാരിത്താസ് ആശുപത്രിക്കും ആശുപത്രി അധികൃതർക്കും എതിരെ നടത്തുന്ന വ്യക്തിഹത്യയും തെറ്റായ പ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ജനറാൾ & സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ , ഫാ. എബ്രാഹം പറമ്പേട്ട് ,സെക്രട്ടറി, വൈദിക കൗൺസിൽ
പി.എ. ബാബു പറമ്പടത്തുമലയിൽ , പ്രസിഡന്റ്, കെ സി സി ഷൈനി ചൊള്ളമ്പേൽ, പ്രസിഡന്റ്, കെ സി ഡബ്യു ജോണിസ് പി. സ്റ്റീഫൻ, പ്രസിഡന്റ, കെ സി വൈ എൽ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles