കോട്ടയം : കോട്ടയം ജെ-ബ്ലോക്ക് 9000 കായൽപാടശേഖരത്തിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ.
സംഭരിക്കപ്പെടുന്ന നെല്ലിന് കിന്റലിന് 3.5 കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഏറ്റവും ഗുണനിലവാരമുള്ള നെല്ലാണ് ജെ-ബ്ലോക്ക് 9000 കായൽപാടശേഖരത്തിൽ നിന്നും ലഭിക്കുന്നതെന്ന് കൃഷിവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. നെല്ലിന്റെ ഗുണ നിലവാരം മൂലം നാളിതു വരെ കിഴിവ് നൽകാത്ത പാടശേഖരമാണ് ജെ-ബ്ലോക്ക് 9000. മാർച്ച് മൂന്നാം തീയതിയാണ് വിളവെടുപ്പ് ആരംഭിച്ചത്. 1800 ഏക്കർ പാടശേഖരത്ത് 25 കൊയത്ത് യന്ത്രങ്ങൾ വിളവെടുപ്പ് നടത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
400 ഏക്കറിലെ വിളവെടുപ്പ് പൂർത്തിയായി.
അപ്രതീക്ഷിത വേനൽ മഴ പെയ്യുന്ന സാഹചര്യത്തിൽ കൊയ്ത് കൂട്ടിയ നെല്ല് നനഞ്ഞ് നശിക്കാൻ സാധ്യയുണ്ട്. കിഴിവ് നൽകുന്നതിലെ തർക്കം പരിഹരിക്കാതെ വന്നാൽ ജില്ലയിലെ ഏറ്റവും മികച്ച നെല്ല് ഗുണനിലവാരമില്ലാതെയാകും. ജില്ലയിൽ ലഭിക്കുന്ന ഏറ്റവും നല്ല നെല്ല് സംഭരിക്കുവാൻ കിഴിവ് നൽകേണ്ടതില്ലെന്നും അമിതമായി കിഴിവ് ആവശ്യപ്പെടുന്ന മില്ലുകളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കോട്ടയം ജില്ലാ കളക്ടർ നിർദ്ദേശിച്ചതായി പാഡി ഓഫീസർ പറഞ്ഞു.