സ്വകാര്യപ്രാക്ടീസ്: കോട്ടയത്ത് ഡോക്ടർക്കെതിരെ​ വിജിലൻസ്​ അന്വേഷണം തുടങ്ങി

കോട്ടയം: സ്വകാര്യപ്രാക്ടീസുമായി ബന്​ധപ്പെട്ട്​ ഡോക്ടർക്കെതിരെ വിജിലൻസ്​ പ്രാഥമികാന്വേഷണം തുടങ്ങി. സർക്കാർ ആശുപത്രിയിൽ ജോലി നോക്കവെ സ്വകാര്യആശുപത്രിയിൽ ജോലി ചെയ്തതിന്​ വകുപ്പുതല നടപടിക്ക്​ ശിപാർശ ചെയ്യപ്പെട്ട ഡോക്ടർക്കെതിരെയാണ്​ വിജിലൻസ്​ കോട്ടയം യൂനിറ്റ്​ബുധനാഴ്ച മറ്റൊരുകേസിൽ അന്വേഷണം ആരംഭിച്ചത്​. 2024 ജൂൺ ആറിന്​ ‘ഓപറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഇടുക്കി ചെമ്പകപ്പാറ പബ്ലിക്​ ഹെൽത്ത് സെന്ററിൽ ജോലി നോക്കി വന്നിരുന്ന ഈ ഡോക്ടർ കോട്ടയം നെടുങ്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി സമയം സ്വകാര്യ പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിലാണ്​ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ വിജിലൻസ് കോട്ടയം യൂനിറ്റിൽ ബുധനാഴ്ച ഒരു പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത്​ ആരംഭിച്ചത്​. ഇയാൾ മുമ്പ്​ പാമ്പാടുംപാറ പബ്ലിക്​ ഹെൽത്ത് സെന്ററിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസറായി ജോലി നോക്കവെ കോട്ടയം കറുകച്ചാലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ഡ്യുട്ടി സമയം പ്രൈവറ്റ് പ്രാക്ടീസ് നടത്തിയതായി 2023 മെയ്​ 19ന്​ ഇടുക്കി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യപ്പെടുകയുമുണ്ടായി. എന്നാൽ അതിൻമേൽ കർശനനടപടിയുണ്ടായില്ലെന്നാണ്​ വ്യക്​തമാകുന്നത്​. എത്രയും പെട്ടെന്ന്​ പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്​ സമർപ്പിക്കുമെന്ന്​ വിജിലൻസ്​ വൃത്തങ്ങൾ പറഞ്ഞു.

Advertisements

Hot Topics

Related Articles