കോട്ടയം: നാട്ടകം സെക്ഷനു കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകളിൽ കനത്ത നാശം. നാട്ടകത്തും പോളിടെക്‌നിക് കോളേജിനു സമീപവും മരം വീണ് വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചു. പ്രദേശത്തെ നിരവധി പോസ്റ്റുകളാണ് മരം വീണ് തകർന്നത്. നിരവധി സ്ഥലങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം നാട്ടകം സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്നു രാത്രി പൂർണമായും തടസപ്പെട്ടേയ്ക്കും. രാത്രി മുഴുവൻ പരിശ്രമിച്ചാൽ മാത്രമേ കെ.എസ്.ഇ.ബി അധികൃതർക്ക് നാളെ രാവിലെ എങ്കിലും വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ സാധിക്കു എന്നാണ് പ്രതീക്ഷിക്കുന്നത്. പല സ്ഥലങ്ങളിലും വൈദ്യുതി ലൈനിനു മുകളിൽ മരച്ചില്ലകൾ വീണു കിടക്കുകയാണ്. ഈ മരച്ചില്ലകൾ നീക്കം ചെയ്യാൻ അഗ്നിരക്ഷാ സേനാ സംഘത്തിന്റെ സഹായം കെ.എസ്.ഇ.ബി അധികൃതർ തേടിയിട്ടുണ്ട്. ഈ മരച്ചില്ലകൾ വെട്ടിമാറ്റി അപകടം ഒഴിവാക്കാൻ സാധിച്ചാൽ രാത്രിയിൽ വൈദ്യുതി വിതരണം ചില സ്ഥലങ്ങളിൽ എങ്കിലും പൂർവ സ്ഥിതിയിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നു വൈകിട്ടുണ്ടായ കനത്ത മഴയും കാറ്റുമാണ് പ്രദേശത്തെ പൂർണമായും ഇരുട്ടിലാക്കിയത്.
കോട്ടയം നാട്ടകം സെക്ഷനു കീഴിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ മരം വീണു; നാട്ടകത്തും പോളിടെക്‌നിക് കോളേജിനു മുന്നിലും വൈദ്യുതി ലൈനിൽ മരക്കൊമ്പ് വീണു; ഇന്നു രാത്രി നാട്ടകം പ്രദേശം ഇരുട്ടിലാകും
