ദേവസ്വം ബോർഡ് നിയമനത്തിന് പുതിയ സോഫ്റ്റ്‌വേർ; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലേയ്ക്കുള്ള നിയമനങ്ങൾക്കുള്ള കേരള ദേവസ്വം റിക്രൂട്ട്്‌മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം ദേവസ്വം -സഹകരണ- തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ 38 തസ്തികകളിലായി നാനൂറ് ഒഴിവുകളിലേക്കുള്ള നിയമനത്തിനുള്ള നടപടികൾക്ക് പുതിയ സോഫ്റ്റ്‌വേർ വഴി വെള്ളിയാഴ്ച (മാർച്ച് 28) തന്നെ തുടക്കം കുറിക്കുമെന്നു മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ആധുനികവൽക്കരണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവിധ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള തസ്തികകളിലെ നിയമനം വേഗത്തിലാക്കാനുള്ള ആധുനികവൽക്കരണ നടപടികളാണ് സർക്കാർ കൈക്കൊളളുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisements

സർക്കാർ ഏജൻസിയായ സിഡിറ്റാണ് സോഫ്റ്റ്‌വേർ തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളിലേയ്ക്കുമുള്ള നിയമനത്തിനുള്ള ഏജൻസിയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 16 തസ്തികകളിലായി 33 ഒഴിവുകൾ, കൊച്ചിൻ ദേവസ്വം ബോർഡിൽ എട്ടു തസ്തികകളിലായി 83 ഒഴിവുകൾ, കൂടൽമാണിക്യം ദേവസ്വത്തിൽ ഒരു ഒഴിവ് എന്നിവ നിലവിലുണ്ട്. ഇവയിലും പുതിയ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി നിയമന നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗങ്ങളായ ബി. വിജയമ്മ, കെ. കുമാരൻ, സെക്രട്ടറി എസ്. ലത, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രശാന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles