അംറോഹ(ഉത്തർപ്രദേശ്): ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബന്ധുക്കള്‍ക്കെതിരേ പണംതട്ടിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ് ഷമിയുടെ ബന്ധുക്കളടക്കം 18 പേർക്കെതിരെയാണ് അന്വേഷണം. ഷമിയുടെ സഹോദരി, സഹോദരിയുടെ ഭർതൃമാതാവ്, സഹോദരീ ഭർത്താവ് എന്നിവരടക്കമുള്ളവർക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. പിടിഐയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യുകയും അനർഹമായി പണം കൈപ്പറ്റുകയും ചെയ്തെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം. 2021 ജനുവരിയിലാണ് ഇവരുടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024 ഓഗസ്റ്റ് വരെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടെന്നും ഒരു ജോലിയും ചെയ്യാതെയാണ് ആളുകള്‍ പണം കൈപ്പറ്റിയതെന്നുമാണ് ഉയരുന്ന ആരോപണം. രാജ്യത്തുടനീളമുള്ള ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്കുന്ന പദ്ധതിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോപണം പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അംറോഹ ജില്ലാ മജിസ്ട്രേറ്റ് നിധി ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ 18 പേർ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാതെ പണം കൈപ്പറ്റിയിട്ടുണ്ടെന്നും മുഹമ്മദ് ഷമിയുടെ സഹോദരി ഷബിന, ഷബിനയുടെ ഭർത്താവ് ഗസ്നവി എന്നിവർ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ജില്ലാ മജിസ്ട്രേറ്റ് പറയുന്നു. സംഭവത്തില്‍ വില്ലേജ് ഡെവലപ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഓപ്പറേറ്റർ, ഗ്രാം പ്രധാൻ എന്നിവർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവുമുണ്ടെന് വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. അംറോഹ ജില്ലയില്‍ നിന്നാണ് ഷമിയുടെ സഹോദരി ഷബിനയും ഭർത്താവും ഭർതൃസഹോദരിയും തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം ഇവർ പണം സ്വീകരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.