ഒരു കഷണം ചൂയിംഗം ഒരു മണിക്കൂര്‍ ചവയ്ക്കുന്നത് ഒരാളുടെ ശരീരത്തില്‍ 250,000 ത്തിലധികം മൈക്രോപ്ലാസ്റ്റിക് കണികകള്‍ എത്തുന്നതിന് കാരണമാകുന്നുവെന്ന് ജേണല്‍ ഓഫ് ഹാസാര്‍ഡസ് മെറ്റീരിയല്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ഇത് പരിസ്ഥിതിയില്‍ വര്‍ദ്ധിച്ച് വരുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്ക് കാരണമാകുന്നു.
ഒരു മണിക്കൂര്‍ ചൂയിംഗം ചവച്ചതിന് ശേഷം ഉമിനീരില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ വ്യാപനം പരിശോധിക്കാന്‍ ഗവേഷകര്‍ പരീക്ഷണം നടത്തുകയായിരുന്നു. ഒരു കഷ്ണം ചൂയിംഗം ഉമിനീരില്‍ 250,000ത്തിലധികം മൈക്രോപ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നുവെന്നും അതുവഴി പ്ലാസ്റ്റിക് ആഗിരണം ചെയ്യപ്പെടുന്നതിന്റെ പ്രധാന ഉറവിടമാണിതെന്നും കണ്ടെത്തി. മുന്‍പ് നടന്ന ഗവേഷണങ്ങളില്‍ ഭക്ഷണം, വെള്ളം, വായു എന്നിവ മൈക്രോപ്ലാസ്റ്റിക് കണികകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതായി കണ്ടെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് മില്ലിമീറ്ററില്‍ താഴെ വ്യാസമുളള പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. വലിയപ്ലാസ്റ്റിക് വസ്തുക്കളുടെ തകര്‍ച്ച മൂലമാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടാകുന്നത് , മൈക്രോപ്ലാസ്റ്റിക്കുകള്‍ വിഘടിച്ചാണ് നാനോ പ്ലാസ്റ്റിക് സൃഷ്ടിക്കപ്പെടുന്നത്. ഈ നാനോ പ്ലാസ്റ്റിക് കണികകളും ആളുകളുടെ ഉമിനീരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന അപകടങ്ങള്‍
മനുഷ്യ ശരീരത്തിലെ രക്തം, ശ്വാസകോശം, ഗര്‍ഭിണികളുടെ പ്ലാസന്റ എന്നിവയുള്‍പ്പടെ മറ്റ് ഭാഗങ്ങളിലും മൈക്രോപ്ലാസ്റ്റിക്കും നാനോ പ്ലാസ്റ്റിക്കും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കണികകളില്‍ അടങ്ങിയിരിക്കുന്ന വിഷരാസവസ്തുക്കള്‍ ജൈവ പ്രക്രിയയെ തടസപ്പെടുത്തുമെന്നതിനാല്‍ അവയുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷകര്‍ ആശങ്കാകുലരാണ്.
ഇത്തരം മാലിന്യങ്ങള്‍ നീര്‍വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. മൈക്രോപ്ലാസ്റ്റിക് ദഹനത്തെയും മെറ്റബോളിസത്തെയും തടസപ്പെടുത്തിയേക്കാം. മൈക്രോപ്ലാസ്റ്റിക്കിനെക്കുറിച്ച് കൂടുതല്‍ അറിയുംതോറും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിലേക്ക് നയിച്ചേക്കാവുന്ന ശീലത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാന്‍ ഈ ഗവേഷണം നമ്മെ ഓര്‍മിപ്പിക്കുന്നു.