കോട്ടയം: കാൻസർ രോഗം നാലാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോഴും മരുന്ന് പോലെ ആശ്വാസമാകുന്ന ചിത്രകലയെ ഹൃദയത്തിലേക്ക് ചേർത്ത് നിർത്തുകയാണ് ചിത്രകാരൻ എൻ.അജയൻ. നാഗമ്ബടം മേല്‍പ്പാലവും പരിസരവും ചിത്രങ്ങള്‍ വരച്ച് വർണാഭമാക്കുന്ന ‘ഗ്രാഫിറ്റിക്ക്’ അദ്ദേഹം തുടക്കമിടും. ഈ അവധിക്കാലത്ത് ‘ഗ്രാഫിറ്റി’യില്‍ കുട്ടി ചിത്രകാരന്മാരേയും ഉള്‍പ്പെടുത്തും. കുട്ടികള്‍ക്കും മുതിർന്നവർക്കുമായി സൗജന്യചിത്രകലാ ക്യാമ്ബിനും തുടക്കമിടും.
‘കാൻസറിന്റെ വേദനയെ ചെറുക്കാൻ കലയില്‍ മുഴുകുക എന്നതാണ് എന്റെ വഴി. നാഗമ്ബടം എന്ന ജങ്ഷനെ ‘ഗേറ്റ് വേ ഓഫ് കോട്ടയം’ ആക്കി മാറ്റാനാണ് ശ്രമം. പാലം, തൂണുകള്‍, ഭിത്തികള്‍ ഉള്‍പ്പെടെ ഏകദേശം 50,000 ചതുരശ്ര അടിയിലാണ് ചിത്രങ്ങള്‍ വരക്കുക. റെയില്‍വേ, പിഡബ്ള്യൂഡി എന്നിവരുടെ അനുവാദം കിട്ടി.’ -ചിത്രകാരൻ നയം വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു പൊതുയിടത്തിലെ ചുവരിലോ മറ്റ് പ്രതലത്തിലോ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലും എഴുതുന്നതോ വരയ്ക്കുന്നതോ ആണ് ‘ഗ്രാഫിറ്റി’. ആരുടേയും സാമ്ബത്തികസഹായം സ്വീകരിക്കില്ല. ചിത്രകാരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും. ആദ്യം സാഹിത്യകാരന്മാരുടെ ചിത്രങ്ങളാണ് വരക്കുക. ചിത്രങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. മങ്ങിപ്പോകുന്ന ചിത്രം പിന്നീട് ആർക്കും ഭിത്തി വൃത്തിയാക്കി വരക്കാം. നാഗമ്ബടത്താണ് കുട്ടികള്‍ക്കും മുതിർന്നവർക്കുമായി സൗജന്യ ചിത്രകലാ പരിശീലനം അദ്ദേഹത്തിന്റെ എസ്മോ ആർട്ട് അക്കാദമി നടത്തുക. 2022 മുതല്‍ കൊല്ലം -വള്ളിക്കാവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എസ്മോ ആർട്ട് അക്കാദമി പ്രവർത്തനം കോട്ടയത്ത് ആദ്യമാണ്.
ഏപ്രില്‍ 11-ന് രാവിലെ 10-ന് ആർട്ട് അക്കാദമിയുടെ ഉദ്ഘാടനം നടക്കും. നാഗമ്ബടം -ചുങ്കം റോഡില്‍ (പനയക്കഴിപ്പ് കര) തലവന്നാട്ട് ഇല്ലം വക ശ്രീ ശങ്കരപുരം ക്ഷേത്രാങ്കണത്തിലാണ് അക്കാദമി. മാവേലിക്കര രവിവർമ പെയിന്റിങ് അക്കാദമിയില്‍നിന്ന് പഠനം പൂർത്തിയാക്കിയ അജയൻ 32 വർഷമായി കലാരംഗത്തുണ്ട്. നാഗമ്ബടം ‘ഗോമതി’യില്‍ താമസിക്കുന്നു. ഭാര്യ: ഇ.ആർ. ഗിരിജമ്മ.