കോട്ടയം: ചിങ്ങവനത്ത് ചിങ്ങവനം ഹയർ സെക്കൻഡറി സ്കൂളും ചിങ്ങവനം പൊലീസും ചേർന്ന് ലഹരി വിരുദ്ധ ഫ്ളാഷ് മോബും കൂട്ടയോട്ടവും നടത്തി. പരിപാടികൾക്ക് ശേഷം സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോരാളികളായ പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകി.
ഇന്ന് രാവിലെയാണ് ചിങ്ങവനം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാലത്ത് ലഹരി വിരുദ്ധ കായിക പരിശീലനം നടത്തുന്ന 150 ഓളം കുട്ടികളും അധ്യാപകരും കൂട്ടയോട്ടവും ഫ്ളാഷ് മോബും സംഘടിപ്പിച്ചത്. ചിങ്ങവനം ടൗണിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടത്തിന്റെ ഭാഗമായി നഗരത്തിൽ അടക്കം എട്ടിടങ്ങളിൽ ഫ്ളാഷ് മോബും നടത്തി. തുടർന്ന് കുട്ടികൾ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് കുട്ടികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് പൂച്ചെണ്ടും മധുരവും നൽകി. ചിങ്ങവനം എസ്.എച്ച്.ഒ അനിൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ വിഷ്ണു, എസ്.ഐ സദക്കത്തുള്ള എന്നിവർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകി. കള്ളത്തരം കാണിക്കുന്നവർ എന്നായാലും പിടിക്കപ്പെടുമെന്ന സന്ദേശം മെന്റലിസത്തിലൂടെ കുട്ടികൾക്ക് എ.എസ്.ഐ സിജോ രവീന്ദ്രൻ കൈമാറി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സത്താർ ഗാനം ആലപിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അശ്വതി എസ്, ശ്രീകുമാർ, സുധീർ, എന്നിവർ പങ്കെടുത്തു. സ്കൂളിലെ 150 ഓളം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ കായിക പരിശീലനം നൽകുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ സെബിയായിരുന്നു പരിപാടിയുടെ കോ ഓർഡിനേറ്റർ.