ജീവൻ രക്ഷിച്ച ഡോക്ടർ ഗുരുസ്ഥാനത്ത്; ജനിച്ച് ഒമ്പതാം മാസം കരൾ മാറ്റിവെച്ച കുഞ്ഞു ശിഖയുടെ കൈപിടിച്ചു ആദ്യാക്ഷരം കുറിച്ച് ഡോ. മാത്യു ജേക്കബ്..മനസ് നിറഞ്ഞ് മാതാപിതാക്കൾ : ആസ്റ്റർ മെഡ്സിറ്റിയിലിത് അപൂർവ നിമിഷം. അപൂർവ നേട്ടങ്ങൾ തുടർക്കഥയാക്കി ആസ്റ്റർ മെഡ്സിറ്റി; ഇതുവരെ 117 പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാൻ്റ് പൂർത്തിയാക്കി

കൊച്ചി :സിആർപിഎഫ് ജവാൻ അനിലാലിന്റെ മകളെ എഴുത്തിനിരുത്താൻ സമയമായി. കൈപിടിച്ച് ആദ്യാക്ഷരം എഴുതിക്കാൻ ഗുരുസ്ഥാനീയനായ ഒരു വ്യക്തിയെ വേണം. അതാരായിരിക്കണമെന്ന ചോദ്യത്തിന് രണ്ട് വയസുകാരി ശിഖയുടെ കുടുംബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല; ആസ്റ്റർ മെഡ്‌സിറ്റിയിലെ കരൾ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. മാത്യു ജേക്കബ്. രണ്ട് വർഷം മുൻപ്, തങ്ങളുടെ പൊന്നുമോളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അതേ കൈകൾ തന്നെ അവളെ ആദ്യാക്ഷരമെഴുതിക്കണം. വെങ്കലപ്പാത്രത്തിലെ അരിമണികളിലൂടെ ഡോ. മാത്യു ജേക്കബ് ശിഖയുടെ കുഞ്ഞുവിരലുകൾ നീക്കിയപ്പോൾ, അതാരാണെന്ന് അവൾ അറിഞ്ഞിരുന്നില്ലെങ്കിലും, ആ കൈകളിൽ ആ കുഞ്ഞ് മുറുകെപ്പിടിച്ചിരുന്നു.

Advertisements

വെറും ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ശിഖയ്ക്ക് കരൾ മാറ്റിവയ്‌ക്കേണ്ടി വന്നത്. കായംകുളം സ്വദേശിയായ സിആർപിഎഫ് ജവാൻ അനിലാലിന്റെയും വിനീത എസ്‌പിയുടെയും രണ്ടാമത്തെ മകളാണ് ശിഖ. ജനിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ശിഖ ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ഉദരത്തിൽ അസാധാരണമായ നീർക്കെട്ടും വേദനയും. കുഞ്ഞിക്കണ്ണുകളിൽ ഭയാനകമാംവിധം മഞ്ഞനിറം മൂടിയിരുന്നു. ആദ്യം തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിലാണ് ചികിത്സ തേടിയത്. നവജാത ശിശുക്കളെ ബാധിക്കുന്ന ബിലിയറി അട്രീഷ്യ എന്ന അപൂർവരോഗമാണ് ശിഖയ്ക്കുള്ളതെന്ന് അവർ കണ്ടെത്തി. കരളിൽ നിന്നും പിത്താശയത്തിലേക്ക് പിത്തരസം കടന്നുപോകുന്നത് പിത്തനാളിയിലൂടെയാണ്. അതിന് തടസമുണ്ടായാൽ കരളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. വെറും 69 ദിവസം മാത്രം പ്രായമുള്ളപ്പോൾ ശിഖയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. അതൊരു താത്കാലിക ആശ്വാസം മാത്രമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ പിത്തനാളിയിൽ നീർവീക്കമുണ്ടാകുന്നത് പതിവായി. കുഞ്ഞിന്റെ അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരുന്നു. ഏറ്റവും മികച്ച ചികിത്സയ്ക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ അന്വേഷണം അവസാനിച്ചത് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലായിരുന്നു. പീഡിയാട്രിക് മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ആയ ഡോ. ഗീത മമ്മയിൽ ആണ് ശിഖയെ ആദ്യം പരിശോധിച്ചത്. കാര്യങ്ങൾ പ്രതീക്ഷിച്ചതിലും സങ്കീർണമാണെന്ന് മനസ്സിലായതോടെ കുഞ്ഞിനെ ഉടൻ തന്നെ ഡോ. മാത്യു ജേക്കബിന് റെഫർ ചെയ്തു. ഹെപറ്റോ പാൻക്രിയാറ്റോ ബിലിയറി ആൻഡ് അബ്‌ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ആണ് അദ്ദേഹം. കരൾ മാറ്റിവെയ്ക്കുകയല്ലാതെ ശിഖയുടെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.

ശിഖയുടെ അമ്മ കരൾ പകുത്തുനൽകാൻ തയാറായെങ്കിലും, വിനീതയുടെ കരൾ കുഞ്ഞിന് ചേരില്ലെന്ന് പരിശോധനയിൽ വ്യക്തമായി. പേരക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുത്തശ്ശി പ്രസന്ന കുമാരി ഉടൻ തന്നെ സന്നദ്ധത അറിയിച്ചു. മുത്തശ്ശിയുടെ രക്തഗ്രൂപ്പ് ശിഖയ്ക്ക് അനുയോജ്യമായിരുന്നില്ല. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള കുടുംബത്തിന്റെ തീക്ഷ്ണമായ ആഗ്രഹത്തിനും സ്നേഹത്തിനും മുന്നിൽ എല്ലാ തടസങ്ങളും തോറ്റുപിൻവാങ്ങി. അങ്ങനെ 2023 മെയ് 20ന്, വെറും ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോൾ ശിഖയ്ക്ക് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ദൗത്യം, ഡോ. മാത്യു ജേക്കബിൻറെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂർത്തിയാക്കി. 23 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ശിഖ വീട്ടിലേക്ക് മടങ്ങി. ഭൂമിയിലേക്കിറങ്ങി വന്ന നാൾമുതൽ അവളെ വേദനിപ്പിച്ചിരുന്ന രോഗാവസ്ഥകളിൽ നിന്ന് മുക്തിനേടി.

അതേ കുഞ്ഞിനെ എഴുത്തിനിരുത്താൻ ഭാഗ്യം ലഭിച്ചത് ഒരനുഗ്രഹമാണെന്ന് ഡോ. മാത്യു ജേക്കബ് പറയുന്നു. ശാസ്ത്രവും സ്നേഹവും ഒന്നുചേർന്നാൽ മനുഷ്യജീവിതങ്ങളിൽ വലിയ മാറ്റങ്ങൾക്ക് പ്രചോദനമാകുമെന്ന് ഈ സംഭവം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

ശിഖ പൂർണആരോഗ്യവതിയാണ് ഇപ്പോൾ. നിലവിൽ കോയമ്പത്തൂരിലാണ് ശിഖയുടെ കുടുംബം താമസിക്കുന്നത്. വിഷുദിനത്തിൽ കുഞ്ഞിനെ എഴുത്തിനിരുത്താൻ അവർ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ക്യാമ്പസിൽ വീണ്ടും വന്നു. ചടങ്ങിന് ശേഷം ഡോ. മാത്യു ജേക്കബിന് ശിഖ ഗുരുദക്ഷിണ നൽകി. ശിഖയ്ക്ക് കരൾ പകുത്തുനൽകിയ ‘അമ്മമ്മ’യുടെ ജന്മദിനം എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നതിനാൽ, ആസ്റ്റർ മെഡ്‌സിറ്റി ക്യാമ്പസിൽ കേക്ക് മുറിച്ച് ലളിതമായൊരു ആഘോഷവും നടത്തി. ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവും ഡോ. മാത്യു ജേക്കബും ചേർന്ന് ശിഖയ്ക്കും സഹോദരിക്കും വിഷുകൈനീട്ടം നൽകി. കേവലമൊരു ചടങ്ങിനപ്പുറം, വലിയ പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും കരുത്തിന്റെയും വിളംബരം കൂടിയായിരുന്നു ആ വേദി.

ശിഖയുടെ കുടുംബത്തിനൊപ്പം ആസ്റ്റർ മെഡ്‌സിറ്റിയിലെ വിവിധ ഡോക്ടർമാരും നേഴ്സുമാരും മറ്റ് ജീവനക്കാരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

Hot Topics

Related Articles