കോട്ടയം: കുറവിലങ്ങാട് അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. കുറവിലങ്ങാട് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആയിരം പാക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യത്തായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലാ പൊലീസ് ലഹരി വിരുദ്ധ പരിശോധന വ്യാപകമായി നടത്തുകയായിരുന്നു. ഇതിനിടെയാണ് കുറവിലങ്ങാട് കുര്യം ഭാഗത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖമുള്ളതായി കുറവിലങ്ങാട് എസ്.എച്ച്.ഒ എ.അജീബിന് രഹസ്യ വിവരം ലഭിച്ചത്. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ നിർദേശാനുസരണം എസ്.ഐ മഹേഷ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ ടി.എസ് പ്രേംകുമാർ എന്നിവർ ഇവിടെ പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ കടയുടെ സമീപത്തു നിന്നും വാഹനത്തിൽ നിന്നുമായാണ് സാധനങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന് നോട്ടീസ് നൽകി നിരോധിത പുകയില ഉത്പന്നങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കോട്ടയം കുറവിലങ്ങാട് പൊലീസിന്റെ വൻ നിരോധിത പുകയില വേട്ട; ആയിരത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
