വാഷിങ്ടണ്‍: രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ആദ്യം ചൈന നടപടി സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ പന്ത് ചൈനയുടെ കോർട്ടിലാണ്. ചൈനയ്ക്ക് അമേരിക്കയുമായി ഒരു കരാറിൽ ഏർപ്പെടേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് ചൈനയുമായി കരാറിൽ ഏർപ്പെടേണ്ടതില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.
ചൈനയും മറ്റ് ഏതൊരു രാജ്യം പോലെ തന്നെയാണ്, വലുതാണെന്നതൊഴിച്ചാൽ വേറെ വ്യത്യാസമൊന്നുമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എല്ലാ രാജ്യങ്ങൾക്കും അമേരിക്കയെ ആവശ്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർക്ക് നമ്മുടെ പണം ആവശ്യമാണ്. ചൈനയുമായി ഒരു വ്യാപാര കരാറിന് തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഒരു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. ഇതിന് പിന്നാലെ തന്നെ ചൈനയും അമേരിക്കയും തമ്മിലുളള താരിഫ് തർക്കങ്ങൾ ആരംഭിച്ചിരുന്നു. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാൽ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേലുള്ള തീരുവ 125 ശതമാനമായി ഉയർത്തിയതിന് പിന്നാലെ നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ കൈകോർക്കണമെന്നും അന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന അറിയിച്ചിരുന്നു. ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യുയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
താരിഫ് പ്രസ്താവനയിൽ 20 ശതമാനം പകരചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് ‘ഡിസ്ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞ് 27 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയിരുന്നത്. ചൈനയ്ക്ക് 34 ശതമാനവും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനം തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമാണ് ആദ്യം ഏർപ്പെടുത്തിയത്.