രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടന്നാല്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം : കോടതികൾക്കും സബ് രജിസ്ട്രാർമാർക്കും സുപ്രീം കോടതി നിർദേശം

ഡല്‍ഹി: കോടതികളും സബ് രജിസ്ട്രാർമാരും സിവില്‍ കേസുകളിലും സ്വത്ത് രജിസ്ട്രേഷനുകളിലും രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടന്നാല്‍ അധികാരപരിധിയിലുള്ള ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് സുപ്രീംകോടതി. രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമിടപാട് നടന്നതായി ആദായനികുതി വകുപ്പിനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചുകഴിഞ്ഞാല്‍ ആ ഇടപാട് നിയമപരമാണോ എന്നും ആദായനികുതി നിയമത്തിലെ സെക്‌ഷൻ 269 എസ്ടിയുടെ ലംഘനമാണോ എന്നു പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

Advertisements

ഒരേ സ്രോതസില്‍നിന്ന് ഒരേ ദിവസം ഒന്നിലധികം തവണകളായിട്ടാണെങ്കില്‍പ്പോലും രണ്ടു ലക്ഷമോ അതില്‍ കൂടുതലോ തുക പണമായി സ്വീകരിക്കുന്നത് തടയുന്നതാണ് ആദായനികുതി നിയമത്തിലെ സെക്‌ഷൻ 269 എസ്ടി. കള്ളപ്പണം തടയുന്നത് ലക്ഷ്യം വച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം ഇടപാടുകള്‍ ആദായനികുതി വകുപ്പിനെ അറിയിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാജയപ്പെട്ടാല്‍ അവർക്കെതിരേ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കുകയും ഈ വിവരം സംസ്ഥാന/ കേന്ദ്രഭരണ പ്രദേശത്തിന്‍റെ ചീഫ് സെക്രട്ടറിയുടെ അറിവില്‍ കൊണ്ടുവരേണ്ടതുമാണെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം ഇടപാടുകള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുകയോ ആദായനികുതി അധികൃതരുടെ അറിവില്‍ കൊണ്ടുവരാതിരിക്കുകയോ ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ അജ്ഞത ന്യായീകരിക്കാനാകുന്നതാണെന്നും ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കർണാടകയിലെ ഒരു വസ്തുവിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണു സുപ്രീംകോടതി ഇക്കാര്യങ്ങള്‍ കൂട്ടിച്ചേർത്തത്.

Hot Topics

Related Articles