വൈക്കം: വൈക്കം സത്യഗ്രഹ സമരം ഇന്ത്യയിലെ നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അതിന്റെ സവിശേഷത രാജ്യത്തെ ഇത്തരത്തിലുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് വൈക്കം സത്യഗ്രഹം ഊര്‍ജം പകര്‍ന്നു എന്നുള്ളതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കൂടി ഭാഗമായിരുന്നു അത്. കോണ്‍ഗ്രസിന്റെ കാക്കിനട സമ്മേളനമാണ് ഇതുസംബന്ധിച്ച രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്‌സോ) സംസ്ഥാന കണ്‍വന്‍ഷനും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ അംഗീകാരത്തോടെയാണ് ടി.കെ മാധവന്‍ കാക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ വിഷയം ഉന്നയിച്ചത്. അയിത്താചരണം ദേവഹിതത്തിന് എതിരായിരുന്നു എന്ന വിശ്വാസക്കാരനായിരുന്നു മഹാത്മഗാന്ധി. ഇന്ത്യന്‍ നവോത്ഥാന പോരാട്ടത്തിലെ വലിയൊരു സമരപരീക്ഷണമായിരുന്നു വൈക്കം സത്യഗ്രഹം. സമൂഹത്തെ നവീകരിക്കുന്നതിന് അത് വഴിത്തിരിവായി. വ്യത്യസ്ത മതജാതി വിഭാഗങ്ങളില്‍പെട്ടവര്‍ ഈ സമരത്തില്‍ പങ്കാളികളായി. എന്നാല്‍ ഇന്ന് ഇണ്ടംതുരുത്തി മനയില്‍ മഹാത്മഗാന്ധിയെ പുറത്തിരുത്തിയ മനോഭാവക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിഷലിപ്തമായ ആപല്‍കരമായ വര്‍ഗീയ ശക്തികള്‍ക്കും അവരുടെ മുഖ്യസംഘാടകരായ ആര്‍എസ്എസിനും എതിരായ പോരാട്ടം ശക്തിപ്പെടുത്തലാണ് നമ്മുടെ മുഖ്യചുമതല. അത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. അതോടൊപ്പം ലോകസമാധാനവും വലിയ ഭീഷണികളെ നേരിടുകയാണ് എന്നു നാം മനസ്സിലാക്കണം എന്നും എം.എ ബേബി പറഞ്ഞു. യുദ്ധമില്ലാത്തതുകൊണ്ട് മാത്രം സമാധാനം പുലരില്ല. പട്ടിണിയും ദുരിതങ്ങളും നിലനില്‍ക്കുമ്പോള്‍ ലോകത്ത് സമാധാനം ഉണ്ടാകില്ല. സമാധാനത്തിനുവേണ്ടിയുള്ള പോരാട്ടം നീതിക്കുവേണ്ടി കൂടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈക്കം സത്യഗ്രഹത്തില്‍ ശ്രീനാരായണഗുരു ശിവബോധത്തെയാണ് മനുഷ്യരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. ശിവബോധം എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നതാണ്. അതില്‍ ജാതിഭേദങ്ങള്‍ ഇല്ലെന്നും വിഷയാവതരണം നടത്തിയ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ശിവബോധം ആര്യാധിനിവേശത്തിനുമുന്‍പുള്ള ദ്രാവിഡബോധമാണ്. പശുവിന്റെ പാല്‍ കുടിക്കാന്‍ ദലിത്-പിന്നോക്ക ജനതയ്ക്ക് അവകാശമില്ലാത്ത കാലത്താണ് ഈ സത്യഗ്രഹം നടന്നത്. അഹിംസയും അക്രമരാഹിത്യവും ഊന്നിപ്പറഞ്ഞ ഗാന്ധി ഈ സമരത്തിലൂടെ മനുഷ്യബോധത്തിലേക്ക് വെളിച്ചം കൊണ്ടുവരാനാണ് ശ്രമിച്ചത്. വര്‍ഗീയതക്കെതിരായും ജാതിമത ബോധങ്ങളുടെ പിന്നോട്ടുപോക്കുകളിലേക്കും ഉളള പ്രയാണത്തിന് തടയിടാന്‍ നമുക്ക് കഴിയണം. മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള കരുത്തുറ്റ പോരാട്ടത്തിലെ പാഠമാകാന്‍ വൈക്കം സത്യഗ്രഹത്തിനു കഴിയണമെന്നും മുല്ലക്കര പറഞ്ഞു.
വൈക്കം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഐപ്‌സോ ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി.കെ ആശ എംഎല്‍എ, സി.ആര്‍ ജോസ് പ്രകാശ്, അഡ്വ. കെ അനില്‍കുമാര്‍, സി.പി നാരായണന്‍, ഡോ. പി.കെ ജനാര്‍ദ്ദനകുറുപ്പ്, ഇ വേലായുധന്‍, അഡ്വ. എം.എ ഫ്രാന്‍സിസ്, ബൈജു വയലത്ത്, ഡോ. സി ഉദയകല, കെ ശെല്‍വരാജ്, ചന്ദ്രബാബു എടാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബു ജോസഫ് സ്വാഗതവും അഡ്വ. കെ.ആര്‍ ശ്രീനിവാസന്‍ നന്ദിയും രേഖപ്പെടുത്തി.
വൈക്കം സത്യഗ്രഹം ഇന്ത്യന്‍ നവോത്ഥാന പോരാട്ടത്തിലെ സമരപരീക്ഷണം: എം.എ ബേബി

Advertisements