കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതിയെ കുടുക്കിയത് ഗൂഗിൾ..! കൊല്ലപ്പെട്ട തിരുനക്കര ഇന്ദ്ര പ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാറിന്റെയും, ഭാര്യ ഡോ.മീരയുടെയും ഫോണുകളുമായാണ് പ്രതി രക്ഷപെട്ടിരുന്നത്. പ്രതിയായ അസം സ്വദേശി അമിത് ഉറാങ്ങ് കോട്ടയത്ത് നിന്നും രക്ഷപെട്ട ശേഷം ഫോണും, വിജയകുമാറിന്റെ ഫോണിലെ ഗൂഗിളും ഇമെയിലും ഉപയോഗിച്ചതാണ് പൊലീസിനു നിർണ്ണായകമായത്.
ഈ ഗൂഗിൾ അക്കൗണ്ടും ഇമെയിലും ഫോൺ ലൊക്കേഷനും പിൻതുടർന്നാണ് പൊലീസ് സംഘം പ്രതിയിലേയ്ക്ക് എത്തിയത്. മുൻപ് ഇതേ ഫോണിൽ നിന്നും പണം അപഹരിച്ച കേസിലാണ് അഞ്ചു മാസത്തോളം അമിത്തിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തത്. ഈ കേസിൽ അമിത് ജയിലിലായതോടെ കാമുകി ഇയാളെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് പ്രതി അതിക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതി നേരെ എത്തിയത് കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജിലേയ്ക്കായിരുന്നു. സംഭവ ദിവസം പുലർച്ചെയാണ് പ്രതി ഈ ലോഡ്ജിൽ എത്തിയത്. തുടർന്ന്, ഈ ലോഡ്ജിൽ നിന്നും രക്ഷപെട്ട് ട്രെയിൻ മാർഗം പെരുമ്പാവൂരിൽ പ്രതി എത്തി. പ്രതിയെ പിൻതുടർന്ന് പൊലീസ് സംഘവും ഇവിടെ എത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ തൃശൂരിലെ മാളയിൽ നിന്നും പൊലീസ് പിടികൂടുന്നത്.