കോട്ടയം: കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി കടലവകാശ നിയമം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് (മെയ് ഒന്ന്) വൈകിട്ട് നാല് മണിയ്ക്ക് കാസർകോട് കസബ ബീച്ചിലെ ശ്രീകുറുംബാ ഭഗവതിക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി യാത്ര ഉദ്ഘാടനം ചെയ്യും. കാസർകോട് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, അഡ്വ.അലക്സ് കോഴിമല, സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സജി കുറ്റിയാനിമറ്റം, ഷിനോജ് ചാക്കോ, ബിജു തുളിശേരി, സാജൻ തൊടുക, ഷെയ്ക്ക് അബ്ദുള്ള, ഡാവി സ്റ്റീഫൻ, അഭിലാഷ് മാത്യു എന്നിവർ പ്രസംഗിക്കും.
യാത്ര മെയ് ഒന്നിന് കാസർഗോഡ് നിന്നും ആരംഭിച്ച് മെയ് 9 ന് തിരുവനന്തപുരത്ത് സമാപിക്കും. കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളിലെ കടൽത്തീര മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര കടന്നുപോകുന്നത്.കടൽ മണൽ ഖനന പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കുക,സി എ ഡി എ എൽ (കടൽ )എന്ന സന്നദ്ധ സംഘടന മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും തീരദേശ സംരക്ഷണ യാത്രയിൽ ഉന്നയിക്കുന്നുണ്ട്. ഒൻപത് തീരദേശ ജില്ലകളിലൂടെ സംഘടിപ്പിക്കുന്ന ജാഥയിൽ മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എക്സ് എം പി, ഗവണ്മെന്റ് ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ അഡ്വ.ജോബ് മൈക്കിൾ എംഎൽഎ. പ്രമോദ് നാരായൺ എം എൽ എ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ,ഡോ.സ്റ്റീഫൻ ജോർജ്, അഡ്വ.അലക്സ് കോഴിമല,സാജൻ തൊടുക, പാർട്ടിയുടെ വിവിധ പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാർ തുടങ്ങിയവർ വിവിധ ജില്ലകളിലെ സമ്മേളങ്ങൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, ജില്ലകളിലൂടെ670 കിലോമീറ്റർ ദൂരം ഒൻപത് ദിവസങ്ങളിലായി സഞ്ചരിച്ച് 50 പോയിന്റുകൾ പിന്നിട്ട് മെയ് ഒൻപതിന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. സമാപന സമ്മേളനം ജോസ് കെ മാണി എം പി ഉദ് ഘാടനം ചെയ്യും.