ചങ്ങനാശേരി : തൃക്കൊടിത്താനം പൊലീസ്റ്റേഷനിൽ പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായ രണ്ട് കൂറ്റൻ പെരുന്തേനീച്ച കൂടുകൾ നീക്കം ചെയ്തു. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്റും മുൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റുമായ ജോഷി മൂഴിയാങ്കലാണ് സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് കൂറ്റൻ തേനീച്ച കൂടുകൾ നീക്കം ചെയ്തത്. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുണിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അംഗം ജിൻസൺ മാത്യു, എസ്‌ഐ പി.സിബിമോൻ, ഷാജി ഐലക്കുന്നേൽ, മോഹനൻ വരിക്കാനിയ്ക്കൽ, പൊതുപ്രവർത്തകനായ ടോണി കുട്ടംപേരൂർ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യൽ.




























ഇന്ന് രാവിലെ 10നായിരുന്നു പ്രവർത്തനം. സ്റ്റേഷനിലെത്തിച്ച ജെസിബിയിൽ കയറിയാണ് ജോഷി തേനീച്ച കൂടുകളെ നീക്കം ചെയ്തത്. ഓലയും ചകിരിയും തേനീച്ചകളെ മയക്കാനുള്ള മരുന്നും പുകച്ച് തേനീച്ചകളെ മാറ്റിയതിനു ശേഷം കൂട് ചെത്തി താഴെയിടുകയായിരുന്നു. രണ്ട് മാസത്തിലേറയായി സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചകളെ ഭയന്ന് കഴിയുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും.