കോട്ടയം: കറുകച്ചാലിൽ കാറിടിച്ച് യുവതി മരിച്ചത് ക്വട്ടേഷൻ കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. ചങ്ങനാശേരിയിലെ ടെക്‌സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ കൂത്രപ്പള്ളി സ്വദേശിനിയും നിലവിൽ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകകയ്ക്ക് താമസിക്കുന്ന ആളുമായ നീതു ആർ. നായരാ(35)ണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കറുകച്ചാൽ വെട്ടിക്കലുങ്കിൽ ഇവരുടെ വീടിനു സമീപത്തെ ഇടവഴിയിൽ വച്ചായിരുന്നു അപകടം.
ചങ്ങനാശേരിയിലെ ടെക്‌സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു രാവിലെ ജോലിയ്ക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം ഈ റോഡിലൂടെ എത്തിയ ഇന്നോവ ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയി. ഇന്നോ ഇടിച്ച് ഇവർ റോഡരികിലേയ്ക്കാണ് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. അപകട മരണമെന്ന രീതിയിൽ കറുകച്ചാൽ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് ആസൂത്രിതമായ കൊലപാതകമെന്ന് സംശയം തോന്നുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീതു വിവാഹം ചെയ്്തത് കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ്. ഇരുവരും തമ്മിൽ അടുത്തിടെ അകന്ന് കഴിയുകയാണെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇരുവരുടെയും ഡൈവോഴ്‌സ് കേസ് കോടതിയിൽ എത്താനിരിക്കെ മുൻ ഭർത്താവ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് അപകടമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ തുടർന്ന് മുൻ ഭർത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെന്റ് എടുത്ത കാറിലെത്തിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. ആദ്യം പൊലീസിന് കാറിന്റെ നമ്പർ ലഭിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ നമ്പർ ലഭിച്ചത്. കറുകച്ചാൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.