കോട്ടയം: വര്‍ഷങ്ങള്‍ പണിതിട്ടും നിര്‍മാണം പൂർത്തിയാകാത്ത കോണത്താറ്റുപാലം സമ്മാനിക്കുന്ന ദുരിതത്തിനു പുറമേ രാത്രികാലങ്ങളില്‍ പതിവായി ബസ് സര്‍വീസ് മുടങ്ങുന്നു. ഇരട്ടി യാത്രാ ദുരിതം പേറി കുമരകത്തെ യാത്രക്കാര്‍. കുമരകത്തേക്കുള്ള രാത്രികാല സ്വകാര്യ ബസ് സര്‍വീസ് വീണ്ടും നിരന്തരമായി മുടങ്ങുന്നതായാണ് യാത്രക്കാര്‍ പരാതി ഉന്നയിക്കുന്നത്. രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരാണ് ഇതോടെ ദുരിതത്തിലാകുന്നത്.
മാസങ്ങള്‍ക്കു മുന്‍പ് സമാന രീതിയില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുകയും വീഴ്ച വരുത്തിയ ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം മുടക്കമില്ലാതെയാണ് സര്‍വീസ് മുന്നോട്ടുപോയത്. എന്നാല്‍, വീണ്ടും രാത്രികാല സര്‍വീസ് മുടങ്ങുന്നത് പതിവു സംഭവവുമായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണത്താറ്റ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കുമരകം വഴിയുള്ള യാത്രക്കാര്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ചേര്‍ത്തലയില്‍ നിന്നുള്ള ബസുകള്‍ കൈപ്പുഴമുട്ട്, ബണ്ട് റോഡ് തുടങ്ങിയ ഇടങ്ങളില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണു ചെയ്യുന്നത്. ഇത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.