കാട്ടുപന്നികളുടെ കടന്നാക്രമണത്തില്‍ നിന്നും കൃഷി വിളകളെ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ കടന്നുകയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ 25 ഗ്രാമ പഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും പങ്കുചേരാന്‍ തയാറായി പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കാട്ടുപന്നികളെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ള പ്രത്യേക തരം കമ്പിവേലി ഉപയോഗിച്ചാണ് കൃഷി ഇടങ്ങള്‍ക്ക് ചുറ്റും പ്രതിരോധവേലി നിര്‍മിക്കുന്നത്. വേലി നിര്‍മാണത്തിനുവേണ്ടി വരുന്ന ചെലവിന്റെ 50 ശതമാനം തുക ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്ന് കര്‍ഷകന് നല്കും. എഞ്ചിനീയര്‍മാര്‍ അളന്ന് തിട്ടപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലുള്ള ചെലവിന്റെ പഞ്ചായത്തു വിഹിതമാണ് സബ്‌സിഡിയായി നല്‍കുന്നത്. ബാക്കി തുക ഗുണഭോക്താവ് വഹിക്കണം.
ഈ പദ്ധതിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് 75 ലക്ഷം രുപ നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ പ്രത്യേകം തുക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 600 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടി ആകെ ഒന്നരകോടി രൂപയുടെ പദ്ധതി അടങ്കല്‍ അംഗീകരിച്ചിട്ടുണ്ട്. വേലി നിര്‍മാണത്തിന് സന്നദ്ധരായ കര്‍ഷകര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഏനാദിമംഗലം പൂതങ്കരയില്‍ ശിവശങ്കരപിള്ളയുടെ 70 സെന്റ് പുരയിടത്തിന് ചുറ്റും വേലി നിര്‍മിച്ച സ്ഥലത്തുവച്ചാണ് കൃഷി വകുപ്പ് മന്ത്രി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടൊപ്പം പഞ്ചായത്ത് നടപ്പാക്കുന്ന ഇടവിളകൃഷി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജഗോപാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ, എം.പി. മണിയമ്മ, അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍, ഉദയരശ്മി, എസ്. മഞ്ജു, ലക്ഷ്മി ജി നായര്‍, സിപിഐ (എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല എന്നിവര്‍ സംസാരിച്ചു.
കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം: ജില്ലാ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം; മന്ത്രി പി. പ്രസാദ്
Advertisements