വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേറ്റു. മുക്കുവന്‍റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങിൽ മാര്‍പാപ്പ പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലെയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റത്.
വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലെയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന നടന്നു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്‍ബാനയ്ക്കൊടുവിൽ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലെയോ പതിനാലാമൻ ചുമതലയേൽക്കുന്നത്.
ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്.
രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കുന്നുണ്ട്. ആയിരണക്കിനു പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയിരിക്കുന്നത്.