കോട്ടയം: അട്ടപ്പാടിയിലെ ആദിവാസികൾ ഭൂരിഭാഗവും ഭൂമിയില്ലാത്തവരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി പലരും ഭീഷണിപ്പെടുത്തി കൈക്കലാക്കി. നിയമസഭയിൽ ഇക്കാര്യം താൻ പല തവണ ഉന്നയിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ഭൂമിപ്രശ്നം വാർത്തയാക്കിയതിനാണ് ആർ. സുനിലിന് പുരസ്കാരമെന്നതിൽ അഭിമാനമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
മലയാള മനോരമ ചീഫ് റിപ്പോർട്ടറായിരുന്ന സഞ്ജയ് ചന്ദ്രശേഖറിന്റെ സ്മരണാർഥം കോട്ടയം പ്രസ്ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിലിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘അട്ടപ്പാടിയിലെ 1,932 പട്ടയങ്ങളുടെ ഭൂമി എവിടെ’, ‘അട്ടപ്പാടിയിൽ ഇല്ലാത്ത ഭൂമിക്ക് ആധാരം ചമക്കുന്നത് ആരാണ്’ എന്നീ അന്വേഷണാത്മക റിപ്പോർട്ടുകൾക്കാണ് അവാർഡ്.
പ്രസ് ക്ലബ് പ്രസിഡന്‍റ് അനീഷ് കുര്യൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി മാത്യു, പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.