തിരുവനന്തപുരം: കാലവർഷം ആരംഭിച്ചപ്പോഴേക്ക് സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. അതിഥിതൊഴിലാളി ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു.ഒരാളെ കാണാതായി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. ട്രെയിൻ ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടു.
വൈദ്യുതിബന്ധവും തകരാറിലായി. കൊടുങ്ങല്ലൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായാണ് മൂന്ന് മരണങ്ങള് റിപ്പോർട്ട് ചെയ്തത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്ബില് സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് വടകര അഴിയൂരില്‍ കിണർ നിർമിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂർ പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കര എരോത്ത് പീടികയ്ക്ക് സമീപം കുളത്തുവയല്‍ വീട്ടില്‍ രജീഷ് (48) മരിച്ചു. കണ്ണൂർ എടക്കാട് ദേശീയപാത 66ല്‍ കോണ്‍ക്രീറ്റിങ്ങിനിടെ മണ്ണിടിഞ്ഞ് ജാർഖണ്ഡ് സ്വദേശി ബയാസ് ഒറോയ (34) മരിച്ചു.നാദാപുരം റോഡ് റെയില്‍വേ ലൈനില്‍ മരംവീണ് ട്രെയിൻ ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. കൊച്ചിയിലും ആലപ്പുഴയിലും കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്ട്.ശക്തമായ കാലവർഷത്തുടക്കമാണ് ഇത്തവണത്തേത്.
ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് വടക്കൻ കേരളത്തില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. മണിക്കൂറില്‍ 35 – 40 കിലോമീറ്ററും ചിലഘട്ടങ്ങളില്‍ അതില്‍ കൂടുതലും വേഗതയില്‍ ഇന്നലെ രാത്രി കാറ്റു വീശി. ചൊവ്വാഴ്ചയോടുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാല്‍ അടുത്ത ഒരാഴ്ചത്തേക്ക് വ്യാപകമായ മഴ ലഭിച്ചേക്കാം.
വടക്കൻ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനമാകെ തന്നെ അടുത്ത 7 ദിവസത്തേക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നാണ് നിലവിലെ സാഹചര്യം വിലയിരുത്തി സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തല അവലോകനയോഗം ചേർന്ന് തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. മുഴുവൻ ജില്ലകളിലും മഴക്കാല പൂർവ്വ അവലോകന യോഗങ്ങളും തയ്യാറെടുപ്പ് പ്രവർത്തനങ്ങളും പൂർത്തിയാക്കി.
സംസ്ഥാനത്ത് 9 ടീം എൻഡിആർഎഫിനെ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്തു.മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളില്‍ മുൻകരുതലിൻ്റെ ഭാഗമായി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ നല്കാൻ സൈറണ്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ഓഫീസുകളിലും കണ്ട്രോള് റൂം ആരംഭിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകള്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ ബന്ധപ്പെടാം. സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെൻ്ററിലേക്ക് 1070 എന്ന നമ്ബറിലും ബന്ധപ്പെടാവുന്നതാണ്. ഏത് അടിയന്തര സാഹചര്യത്തിലും 112 എന്ന എമർജൻസി നമ്ബറിലും ബന്ധപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.