കോട്ടയം: കനത്ത കാറ്റും മഴയും തുടരുന്നതിനാൽ കോട്ടയം നഗരത്തിൽ പല സ്ഥലത്തും മരം വീണ് കനത്ത നാശ നഷ്ടം. കോട്ടയം ചുങ്കം ചാലുകുന്നിൽ കനത്ത കാറ്റിലും മഴയിലും റോഡരികിൽ നിന്ന മരം കടപുഴകി വീണു. സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷയിലാണ് മരം കടപുഴകി വീണത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കോട്ടയം മലയാള മനോരമ ഓഫിസിനു സമീപം ബസേലിയസ് കോളേജ് വനിതാ ഹോസ്റ്റലിന്റെ മതിലിനു മുകളിൽ നിന്ന മരം കടപുഴകി വീണു. തുടർന്ന്, ഹോസ്റ്റലിന്റെ മതിലിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈനിനു മുകളിൽ മരം വീണതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. ഇത് കൂടാതെ ഈരയിൽക്കടവ് റോഡിലെ ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ മരം വീണ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഇവിടെ റോഡിൽ വീണ മരം അഗ്നിരക്ഷാ സേനാ സംഘം വെട്ടിമാറ്റി. പാമ്പാടി വെള്ളൂർ ജെ.ടി.എസ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. റോഡിനു കുറുകെയാണ് മരം വീണത്.





